26 April Friday

സമസ്‌തയില്ലാതെ സമരം ; കൂട്ടിന്‌ ജമാഅത്തെയും മുജാഹിദും ; ലീഗിലെ പ്രശ്‌നം ചെറുതല്ല

പി വി ജീജോUpdated: Wednesday Dec 8, 2021


കോഴിക്കോട്‌
വഖഫ്‌ വിഷയത്തിൽ സമസ്‌തയില്ലാതെ സമരവുമായി മുന്നോട്ടെന്ന്‌ പറയുമ്പോഴും  മുസ്ലിംലീഗ്‌ ആശയക്കുഴപ്പത്തിലാണ്‌. സർവാദരണീയമായി കാണുന്ന സംഘടനയെ തള്ളി നിലപാടെടുക്കുന്നതിൽ നേതാക്കളിലും പ്രവർത്തകരിലും ഭിന്നാഭിപ്രായമുണ്ട്‌. നേതൃത്വത്തിൽ പക്വതയില്ലാത്ത സമീപനം പാർടിയെയും  സമുദായത്തെയും കുഴപ്പത്തിലാക്കുന്നതായാണ്‌ വിലയിരുത്തൽ. എന്നും ലീഗിന്റെ ശക്തികേന്ദ്രമായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ)യെ ശത്രുപക്ഷത്താക്കുകയാണെന്ന വികാരം ശക്തമാണ്‌.

സമരമിപ്പോൾ സമസ്‌തക്കെതിരായെന്ന വിമർശവുമുണ്ട്‌. ജമാഅത്തെ ഇസ്ലാമി വരയ്‌ക്കുന്നിടത്തേക്ക്‌ ലീഗ്‌ നടക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.  മുഖ്യമന്ത്രി സമസ്‌തക്ക്‌ നൽകിയ ഉറപ്പ്‌  തങ്ങൾക്ക്‌ ബാധകമല്ലെന്നതാണ്‌ ലീഗിന്റെ നിലപാട്‌. സമസ്‌ത –-മുഖ്യമന്ത്രി ചർച്ച വിലയിരുത്താൻ കോഴിക്കോട്ട്‌ ചൊവ്വാഴ്‌ച ലീഗ്‌ ഉന്നത നേതാക്കൾ അടിയന്തര യോഗം ചേർന്നിരുന്നു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.  സമസ്‌തയെ ഒറ്റപ്പെടുത്തി സമരവുമായി മുന്നോട്ട്‌ എന്നതാണ്‌ യോഗത്തിലെ തീരുമാനം. യോഗശേഷം നേതാക്കളുടെ  രൂക്ഷമായ പ്രതികരണം ഇതിന്റെ  ഭാഗമാണ്‌.

കൂട്ടിന്‌ ജമാഅത്തെയും മുജാഹിദും
സമസ്‌ത ചതിച്ചു എന്ന വികാരത്തിലാണ്‌  ലീഗ്‌ ഉന്നതർ.  അതിനാൽ സമസ്‌തയെ ഒറ്റപ്പെടുത്തുക, സമുദായത്തിലെ മറ്റു സംഘടനകളെ കൂട്ടി സമരം  എന്നതാണ്‌ ലീഗ്‌ നയം.  എന്നാൽ  എളുപ്പത്തിൽ സമസ്‌തയെ എഴുതിത്തള്ളാനാകില്ല. ലീഗിനകത്തും സമുദായത്തിലാകെയും ശക്തമായ സ്വാധീനമുള്ള പ്രസ്ഥാനമാണത്‌. 

ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളും നൽകുന്ന പിന്തുണയിൽ ആവേശം കൊണ്ടുള്ള പ്രവർത്തനം അപകടകരമാണെന്ന മുന്നറിയിപ്പും എതിർക്കുന്നവർ പ്രകടിപ്പിക്കുന്നു.  ലീഗിനകത്തും സമൂഹമാധ്യമങ്ങളിലും ഉയരുന്ന പ്രതികരണം ഇതാണ്‌ വെളിവാക്കുന്നത്‌.


സമസ്‌ത ഇല്ലെങ്കിലും സമരമെന്ന്‌ ലീഗ്‌
സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ്‌  സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം. കോഴിക്കോട്ട്‌ ഒമ്പതിന്‌ പ്രഖ്യാപിച്ച റാലി നടത്തും. സർക്കാർ ചർച്ചയ്‌ക്ക്‌ തയ്യാറായത്‌ നല്ല കാര്യമാണെന്നും സലാം പറഞ്ഞു.

ഇടപെടേണ്ടെന്ന്‌ മുനീർ
മുസ്ലിംലീഗിന്റെ കാര്യത്തിൽ ആരും ഇടപെടേണ്ടതില്ലെന്ന് എം കെ മുനീർ എംഎൽഎ. സമസ്ത ഇല്ലെങ്കിലും സമരം നടക്കും. ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ വ്യാ‍ഴാ‍ഴ്ച കോഴിക്കോട്‌ ബീച്ചിൽ കാണാമെന്നും മുനീർ  വെല്ലുവിളിച്ചു.

ആരില്ലെങ്കിലും സമരമെന്ന്‌ ജമാഅത്തെ
വഖഫ്‌ വിഷയത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്ന്‌ ജമാഅത്തെ ഇസ്ലാമിയും. ലീഗടക്കം രൂപീകരിച്ച മുസ്ലിം നേതൃസമിതി സമരം തുടരും.  
സമുദായത്തെ സർക്കാർ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും ജമാഅത്തെ ഇസ്ലാമി അസി. അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top