19 April Friday

എതിർപ്പിന്‌ വേദി ആരാധനാലയമോ ; മുസ്ലിം ലീഗ്‌ സ്വീകരിക്കുന്നത്‌ ആർഎസ്‌എസിന്റെ പാത

പി വി ജീജോUpdated: Thursday Dec 2, 2021



കോഴിക്കോട്‌   
വിശ്വാസം മറയാക്കി  സർക്കാർവിരുദ്ധ സമരത്തിന്‌ പള്ളികളിലേക്ക്‌ നീങ്ങുന്ന മുസ്ലിം ലീഗ്‌ സ്വീകരിക്കുന്നത്‌ ആർഎസ്‌എസിന്റെ പാത. ശബരിമലയടക്കമുള്ള വിഷയങ്ങളിൽ സംഘപരിവാർ പിന്തുടർന്ന അപകടകരമായ വർഗീയക്കളിക്കാണ്‌ ലീഗ്‌ തീ കൊളുത്തുന്നത്‌. മതവിശ്വാസത്തെയും ഭക്തിയെയും ചൂഷണംചെയ്യുന്ന സംഘപരിവാരത്തിന്റെ നയം ശരിവച്ച്‌  പള്ളികൾ സമരവേദികളാക്കുകയാണ്‌ ലീഗും.  ഈ നീക്കത്തിലൂടെ  സാമുദായിക ചേരിതിരിവിനും സംഘർഷത്തിനും വഴിമരുന്നിടുകയാണ്‌. മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ്‌ ലീഗിന്റെ വെള്ളിയാഴ്‌ചത്തെ ‘പള്ളിസമരം’.

മതതീവ്രവാദ പ്രസ്ഥാനങ്ങളായ എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടുമെല്ലാം ലീഗിന്റെ ഒക്കച്ചങ്ങാതിമാരായുണ്ട്‌. ശബരിമലയുടെ പേരിൽ വിഎച്ച്‌പി, ബജ്‌റംഗദൾ തുടങ്ങിയ ഹൈന്ദവ തീവ്രവർഗീയശക്തികളെ ഇളക്കിവിട്ട ബിജെപിയുടെ അതേ ശൈലിയിലാണ്‌ ലീഗിന്റെ പോക്ക്‌. എന്നാൽ  സമുദായത്തിനകത്തും പൊതുസമൂഹത്തിലും ലീഗിന്റെ വർഗീയ സമരത്തിനെതിരായ വികാരം ശക്തമാണ്‌. 

വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിനെതിരെന്നു‌ പറഞ്ഞാണ്‌ ലീഗ്‌ പള്ളികളിലേക്ക്‌ നീങ്ങുന്നത്‌. വൈള്ളിയാഴ്‌ച  ജുമ നമസ്കാര ശേഷം  ഇടതുപക്ഷ–-സർക്കാർ വിരുദ്ധ പ്രസംഗത്തിനാണ്‌ തീരുമാനം. ആറിന്‌ മഹല്ലുകൾ കേന്ദ്രമാക്കി റാലിയും. ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമാണ്‌  പള്ളിസമരം പ്രഖ്യാപിച്ചത്‌. തെറ്റിദ്ധരിപ്പിച്ച്‌ ചില സമുദായ സംഘടനകളെയും ലീഗും ജമാഅത്തെയും കൂടെ കൂട്ടിയിട്ടുണ്ട്‌. പതിറ്റാണ്ടുകളായി ലീഗിലെ ഒരു വിഭാഗം അക്ഷയഖനിയാക്കി കൊണ്ടുനടക്കുകയായിരുന്നു വഖഫ് ‌ബോർഡും സ്വത്തുക്കളും. സ്വന്തക്കാരായ ഉദ്യോഗസ്ഥരെ  ആയുധമാക്കി വെട്ടിപ്പുകൾ എക്കാലവും പൂഴ്‌ത്തി. പിഎസ്‌സി വഴി ജീവനക്കാർ വരുന്നതോടെ  തട്ടിപ്പുകൾ  പുറത്താകുമെന്ന ഭയം നേതൃത്വത്തിനുണ്ട്‌. ഇത്‌ തടയാനാണ്‌ ജമാഅത്തെയെ മുതൽ എസ്‌ഡിപിഐയെവരെ ചേർത്തുപിടിച്ചുള്ള  പള്ളിസമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top