26 April Friday

കാലത്തിനൊപ്പം നടന്നെത്താതെ ലീഗ്‌ ; അഭിമുഖീകരിക്കുന്നത്‌ സമാനതകളില്ലാത്ത വെല്ലുവിളി

സി പ്രജോഷ്‌ കുമാർUpdated: Thursday Mar 9, 2023


കോഴിക്കോട്‌
സമുദായ രാഷ്ട്രീയത്തിനൊപ്പം വളരുകയും തളരുകയും ചെയ്‌തതാണ്‌  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രം.  ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പതാകയേന്തി നിലയുറപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലൂടെ നേട്ടങ്ങൾ കൊയ്യുകയും തിരിച്ചടികൾ നേരിടുകയും ചെയ്‌തു. 15  ശതമാനത്തോളം വരുന്ന ഇന്ത്യൻ മുസ്ലിങ്ങളിൽ നല്ലൊരു ശതമാനത്തിന്റെയും പിന്തുണപോലും നേടാനായില്ല. സംഘപരിവാർ രാഷ്ട്രീയം പിടിമുറുക്കുന്ന സംസ്ഥാനങ്ങളിൽ  അരക്ഷിതബോധം പേറുന്ന  മുസ്ലിം ന്യൂനപക്ഷത്തിന്‌ ആത്മവിശ്വാസം നൽകാനും ആകുന്നില്ല.  ലീഗിന്റെ  രൂപീകരണ സമ്മേളനവേദിയായ ചെന്നൈ രാജാജി ഹാളിൽ 75–-ാം വാർഷികം ആഘോഷിക്കുമ്പോൾ അഭിമുഖീകരിക്കുന്നത്‌ സമാനതകളില്ലാത്ത വെല്ലുവിളിയാണ്‌.

കേരളവും തമിഴ്‌നാടും പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ്‌ ലീഗിന്‌  സ്വാധീനമുള്ളത്‌.  സാമൂഹ്യനീതിയെ നിരാകരിക്കുന്ന യാഥാസ്ഥിതിക ചിന്തകൾ മാറ്റമില്ലാതെ പേറുന്നുവെന്നതാണ്‌ ലീഗ്‌  നേരിടുന്ന വലിയ വെല്ലുവിളി. സ്ത്രീസമത്വം പോലുള്ള വിഷയങ്ങളിൽ അപരിഷ്‌കൃത ചിന്തയാണ്‌. ഇതിനെതിരെ പുതുതലമുറ ഉയർത്തുന്ന ശബ്ദം അടിച്ചമർത്തുകയാണ്‌ നേതൃത്വം. സ്‌ത്രീകൾക്ക്‌ തുല്യതയല്ല; സാമൂഹ്യനീതിയാണ്‌ വേണ്ടതെന്ന വിചിത്രവാദമാണ്‌ ഈ വനിതാദിനത്തിൽ ലീഗ്‌ മുഖപത്രം മുന്നോട്ടുവച്ചത്‌. തീവ്രവാദസംഘടനകളിലേക്കുള്ള അണികളുടെ  പോക്കിനെ പ്രതിരോധിക്കാനും കഴിയുന്നില്ല.

ന്യൂനപക്ഷങ്ങൾ രാജ്യത്താകെ വേട്ടയാടപ്പെടുമ്പോൾ ലീഗ്‌ മൗനത്തിലാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെടുമ്പോൾ ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന മുസ്ലിംലീഗ്‌ പുലർത്തിയ നിസ്സംഗത മറക്കാനാകാത്തതാണ്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ  മുസ്ലിം സ്ഥാനാർഥികളെപ്പോലും നിർത്താൻ കോൺഗ്രസ്‌ മടിക്കുന്നു. ലീഗിന്റെ പതാക രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പുവേദികളിൽ വിലക്കപ്പെടുന്നു. കോൺഗ്രസ്‌ കൂടുതൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുമ്പോൾ ദേശീയ രാഷ്‌ട്രീയത്തിൽ ലീഗിന്റെ നിലപാടാണ്‌ ചോദ്യംചെയ്യപ്പെടുന്നത്‌.  സമസ്‌ത സമീപകാലത്ത്‌ ലീഗുമായി അകന്നു. അവർ  സ്വതന്ത്ര നിലപാട്‌ സ്വീകരിക്കുന്നത്‌ ലീഗിനുണ്ടാക്കുന്ന അങ്കലാപ്പ്‌ ചെറുതല്ല.  പുതിയ സംസ്ഥാന നേതൃത്വം വരുമെന്ന പ്രഖ്യാപനം ജലരേഖയായി. പല ജില്ലയിലും വിഭാഗീയത കാരണം സമ്മേളനം പൂർത്തിയായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top