26 April Friday
വിമർശനമില്ല

ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌, മിണ്ടാട്ടമില്ലാതെ കുഞ്ഞാലിക്കുട്ടി വിരുദ്ധർ

പി വി ജീജോUpdated: Monday Oct 4, 2021

കോഴിക്കോട്‌ > വിവാദ വിഷയങ്ങളും വിമർശനവും ചർച്ചചെയ്യാതെ മുസ്ലിംലീഗ്‌ പ്രവർത്തകസമിതി യോഗം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കാര്യമായ വിമർശനമുയർത്താൻ  എതിർവിഭാഗത്തിനായില്ല. സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിൽ കെ എം ഷാജിയും പി എം സാദിഖലിയുമടക്കമുള്ളവർ ഉന്നയിച്ച വിമർശനങ്ങളൊന്നും മഞ്ചേരിയിലെ പ്രവർത്തകസമിതിയിൽ ഉയർന്നില്ല. ചന്ദ്രിക അഴിമതി, കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യംചെയ്‌തത്‌, ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടി ഇവയൊന്നും ചർച്ചയായില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയെക്കുറിച്ചും കാര്യമായ വിമർശനമുണ്ടായില്ല. പതിവുപോലെ കോൺഗ്രസിനെതിരെ ഒറ്റപ്പെട്ട വിമർശനമുയർന്നു.

വിജയിച്ചത്‌ കുഞ്ഞാലിക്കുട്ടി – -സാദിഖലി അച്ചുതണ്ട്‌

പ്രവർത്തകസമിതിക്ക്‌ മുമ്പ്‌ കുഞ്ഞാലിക്കുട്ടിയും പാണക്കാട്‌ സാദിഖലി തങ്ങളും നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ്‌  വിമതശബ്ദങ്ങൾ ഇല്ലാതാക്കിയത്‌. ചർച്ചകൾ വഴിമാറി  നേതൃത്വം ദുർബലമായാൽ ലീഗ്‌ തകരുമെന്ന്‌ വിമർശകരാകുമെന്ന്‌ കരുതിയ നേതാക്കളെ വിളിച്ച്‌ ഇരുവരും ഓർമിപ്പിച്ചിരുന്നു. മറുവിഭാഗത്തിലെ പ്രധാനികളെ കുഞ്ഞാലിക്കുട്ടിപക്ഷം അനുനയിപ്പിച്ചതോടെ യോഗം അക്ഷരാർഥത്തിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി. ഉപസമിതി റിപ്പോർട്ട്‌ വഴി സെക്രട്ടറിയറ്റിലെ വിമർശനം നേതൃത്വം നേരത്തെ ദുർബലമാക്കിയിരുന്നു. സംസാരിക്കാനുള്ള അവസരം നിഷേധിച്ച്‌ സെക്രട്ടറിയറ്റംഗങ്ങളുടെ വായടക്കിയതോടെ  എതിർശബ്ദമേയില്ലാത്ത ചർച്ചയായി.

ജില്ലാപ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർക്കായിരുന്നു തെരഞ്ഞെടുപ്പ്‌ തോൽവിയടക്കമുള്ള ചർച്ചകളിൽ സംസാരിക്കാൻ പ്രധാനമായും  അവസരം. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി കെ അബ്ദുൾഖാദർ മൗലവിയുടെ ആകസ്‌മിക മരണം കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾകരീം ചേലേരി ചർച്ചയിൽ സൂചിപ്പിച്ചു. പാർടിയിലെ പ്രശ്‌നങ്ങൾ മാനസികമായി തളർത്തിയെന്നായിരുന്നു പരാമർശം. ഹരിതക്കെതിരായ നടപടി പിന്തുണച്ച പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം പാണക്കാട്‌ തങ്ങൾക്ക്‌ മുകളിൽ  അധികാരകേന്ദ്രം അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. നയമില്ലെന്ന്‌ പറഞ്ഞായിരുന്നു പി കെ ബഷീർ എംഎൽഎയുടെയും  കെഎൻഎ ഖാദറിന്റെയും കോൺഗ്രസ്‌ വിമർശനം.

തന്റെ തോൽവിക്ക്‌ കോൺഗ്രസും പങ്കുവഹിച്ചതായി കുറ്റ്യാടിയിൽ തോറ്റ പാറക്കൽ അബ്‌ള്ള പരാതിപ്പെട്ടു. ചർച്ചക്കുള്ള മറുപടിയിൽ  കുഞ്ഞാലിക്കുട്ടി തോൽവിയുടെ കാരണമല്ല അച്ചടക്കത്തെക്കുറിച്ചായിരുന്നു  ഊന്നിപ്പറഞ്ഞത്‌. സ്ഥിരം ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതടക്കമുള്ള സംഘടനാവിഷയങ്ങൾ യോഗം പരിഗണിച്ചില്ല. എന്നാൽ  ഭാരവാഹികളെ കുറക്കാൻ തിരുമാനിച്ചു. മഞ്ചേരി യൂനിറ്റി കോളേജിൽ ചേർന്ന യോഗത്തിൽ സാദിഖലി തങ്ങളായിരുന്നു അധ്യക്ഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top