18 September Thursday

മന്ത്രവാദ ചികിത്സ; മുസ്ലിംലീഗ്‌ നേതൃത്വത്തിനെതിരെ 
മുജാഹിദ്‌ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കണ്ണൂർ > മന്ത്രവാദ ചികിത്സയെ തുടർന്ന്‌ കണ്ണൂർ സിറ്റിയിൽ പതിനൊന്നുകാരി മരിക്കാനിടയായ സംഭവത്തിൽ മുസ്ലിംലീഗ്‌ നിലപാടിനെതിരെ മുജാഹിദ്‌ വിഭാഗം. അന്ധവിശ്വാസത്തെയും  മന്ത്രവാദ ചികിത്സയെയും പ്രോത്സാഹിപ്പിക്കുകയാണ്‌ നേതൃത്വമെന്നു കുറ്റപ്പെടുത്തി മുജാഹിദ്‌ വിഭാഗക്കാരായ ലീഗ്‌ പ്രവർത്തകരും നേതാക്കളും പരസ്യമായി രംഗത്തുവന്നിരിക്കയാണ്‌.  
മന്ത്രവാദ ചികിത്സയ്‌ക്കും അന്ധവിശ്വാസത്തിനുമെതിരെ കണ്ണൂർ സിറ്റിയിൽ രൂപീകരിച്ച ജനജാഗ്രതാ സമിതിയുടെ പ്രവർത്തനത്തിന്‌ തുരങ്കം വയ്‌ക്കുന്ന ലീഗ്‌ നിലപാടാണ്‌  കെഎൻഎം പ്രവർത്തകരെ  പ്രകോപിപ്പിച്ചത്‌.
 
പതിനൊന്നുകാരി പനിബാധിച്ചു മരിച്ചതും അതിനുമുമ്പ്‌ ഇതേകുടുംബത്തിലുണ്ടായ നാലു മരണങ്ങളും ചികിത്സ ലഭിക്കാതെയാണെന്നു വ്യക്തമായിട്ടും ലീഗ്‌ നേതൃത്വം കുറ്റവാളികൾക്കൊപ്പമാണ്‌. ലീഗ്‌ നേതാവ്‌ അഷറഫ്‌ ബംഗാളിമൊഹല്ല ഇറക്കിയ കുറിപ്പ്‌ ഇതിനു തെളിവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനജാഗ്രതാ സമിതി കഴിഞ്ഞ ഏഴിന്‌ സിറ്റിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽനിന്ന്‌ മേയർ ടി ഒ മോഹനൻ ഉൾപ്പെടെയുള്ള യുഡിഎഫ്‌ നേതാക്കൾ വിട്ടുനിന്നതിനു പിന്നിൽ ലീഗ്‌ നേതൃത്വത്തിന്റെ ഇടപെടലാണെന്ന്‌ മുജാഹിദ്‌ വിഭാഗം കരുതുന്നു. 26ന്‌ സിറ്റി കൊടപ്പറമ്പ് ആസാദ് റോഡിൽ നടത്തിയ സ്‌ത്രീജാഗ്രതാ സദസ്സിൽനിന്ന്‌ മുജാഹിദുകാരിയായ ഡെപ്യൂട്ടി മേയർ കെ ഷബീനയെയും  പിന്തിരിപ്പിച്ചതോടെയാണ്‌ തർക്കം പൊട്ടിത്തെറിയിലേക്കു നീങ്ങിയത്‌.
 
പങ്കെടുക്കരുതെന്ന്‌ മുസ്ലിംലീഗ്‌ കണ്ണൂർ മേഖലാ കമ്മിറ്റി ഇവരോട്‌ ആവശ്യപ്പെടുകയായിരുന്നു. പാർടി തീരുമാനം ശിരസ്സാവഹിച്ച ഷബീനയെ സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പിൻഗാമിയെന്നാണ്‌ അഷറഫ്‌ ബംഗാളിമൊഹല്ല വിശേഷിപ്പിച്ചത്‌.  മന്ത്രം മതി, ചികിത്സ വേണ്ടെന്ന യഥാസ്ഥിതിക നിലപാട്‌ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന്‌ മുജാഹിദ്‌ നേതാക്കൾ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും  ഇതുസംബന്ധിച്ച്‌ രൂക്ഷമായ വാദപ്രതിവാദങ്ങൾ തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top