06 July Sunday
സ്വീകരണയോഗത്തിലെ പങ്കാളിത്തം ശുഷ്‌കം

മാനന്തവാടിയിലെ മുസ്ലിം ലീഗ് വിഭാഗീയതക്ക് അയവില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
നാലാം മൈൽ> മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന–ജില്ലാ നേതാക്കൾക്ക് നൽകിയ സ്വീകരണത്തിലെ പങ്കാളിത്തക്കുറവ് മുസ്ലിം ലീഗിന്‌ തലവേദനയാകുന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തിട്ടും സ്വീകരണയോഗം ആകർഷകമാക്കാന്‍ ലീ​ഗിനായില്ല. ജില്ലാ വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽനിന്ന്‌ വിട്ടുനിന്നത് തിരിച്ചടിയായി. ഏപ്രിൽ 29ന് നിശ്ചയിച്ച സ്വീകരണം ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയതയുടെ ഫലമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മാറ്റിവയ്ക്കുകയായിരുന്നു. നിയോജക മണ്ഡലം കമ്മിറ്റികൾ ഒരുക്കുന്ന സ്വീകരണ യോഗത്തിൽനിന്ന്‌ സംസ്ഥാന നേതാവ് കെ എം ഷാജി അടക്കമുള്ള നേതാക്കളെയും ഒഴിവാക്കിയിരുന്നു. 
 
മൂന്നുമാസം മുമ്പാണ് ലീ​ഗിന്റെ പുതിയ പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നത്. മാനന്തവാടി അടക്കം പല പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയാണ്. മണ്ഡലം കമ്മിറ്റിയിൽ നിലവിൽ 13 അംഗങ്ങളാണുള്ളത്. മണ്ഡലം പ്രസിഡന്റിനെയും കമ്മിറ്റിയെയും നിഷ്‌പ്രഭമാക്കി ജനറൽ സെക്രട്ടറി അധികാരം കൈയാളുകയാണെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. സ്വീകരണ പരിപാടികളോടെ ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും മൂർച്ഛിച്ചു. ജില്ലയിലെ ലീഗ് വാട്‌സ്‌ ആപ്പ് ഗ്രൂപ്പുകളിൽ നേതാക്കളുടെ വിഴുപ്പലക്കൽ തുടരുകയാണ്. കഴിഞ്ഞമാസം ലീഗ് പോസ്റ്ററുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് പഞ്ചായത്ത് നേതാക്കൾക്കെതിരെ മണ്ഡലം പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top