26 April Friday

‘ലീഗ് ഇല്ലെങ്കിൽ സമസ്തയില്ല’; ഭീഷണിയുമായി സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കോഴിക്കോട്‌ > മുസ്ലിം ലീഗ് ഇല്ലെങ്കിൽ സമസ്‌തയും മുജാഹിദും ഇവിടെ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് സുന്നിയും മുജാഹിദും മറ്റ് സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായത്‌.... സമുദായ സംഘടനകൾ പാർടിക്ക്‌ കീഴിൽ നിൽക്കണമെന്ന ഭീഷണിസ്വരത്തിൽ ലീഗ്‌ നേതാവ്‌ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണത്തിൽ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബ് നടത്തിയ ഇടപെടലിന്റെ ഭാഗമാണ് മതസംഘടനകൾ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യം.  

‘ലീഗ് ഇല്ലെങ്കിൽ സമസ്‌തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം’’ എന്ന ശീർഷകത്തിൽ ഷാഫി ചാലിയം എന്ന് പേരിലുള്ള യൂട്യൂബ് ചാനലിലാണ്‌ സമസ്‌തയെയും മറ്റും ഭീഷണിപ്പെടുത്തുന്ന   പ്രസംഗം. ഇത്‌ ഷാഫി  ഫേസ്ബുക്കിൽ പങ്കിട്ടിട്ടുമുണ്ട്‌.

‘‘ആദ്യം ലീഗാണോ, സുന്നിയാണോ, മുജാഹിദാണോ എന്ന ചോദ്യക്കാരോട്. നിങ്ങൾ ഈ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യം ഭരണഘടനാ സംരക്ഷണത്തിലൂടെയാണ് കിട്ടിയത്. ഭരണഘടന തയ്യാറാക്കുമ്പോൾ ഇഷ്‌ടമുള്ള മതം സ്വീകരിക്കാനും വർജിക്കാനുമുള്ള അവകാശം എന്ന ഭാഗം വന്നപ്പോൾ ഇസ്‌മായിൽ സാഹിബ് ഇടപെട്ടാണ് പ്രബോധനം എന്ന ഭാഗം എഴുതിച്ചേർത്തത്. അന്ന് ലീഗ് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് നാട്ടിൽ വഅള് (മത പ്രഭാഷണം) നടക്കില്ലായിരുന്നു. മദ്രസകൾ ഉണ്ടാകില്ലായിരുന്നു. ഒരു സംഘടനയും മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കില്ലായിരുന്നു.

ലീഗ് പോരാടി നേടിയ ഭരണഘടന സംരക്ഷണത്തിന് പുറത്താണ് സുന്നിയും മുജാഹിദുമൊക്കെയുണ്ടായത്. ലീഗ് ഈ അവകാശങ്ങൾ നേടിയെടുത്തില്ലായിരുന്നെങ്കിൽ മത സംഘടനകളുടെ ഗതി എന്താകുമെന്ന് ചിന്തിക്കണം. ലീഗ് ഇവിടെ നിലനിൽക്കണമെന്നും ലീഗുണ്ടായാലേ സുന്നിയും മുജാഹിദുമൊക്കെ ഇവിടെയുള്ളുവെന്നും സംസ്ഥാനസെക്രട്ടറി  പ്രസംഗത്തിൽ പറയുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top