28 March Thursday

കള്ളപ്പണം, സ്വർണത്തട്ടിപ്പ്‌, 
അഴിമതി; അന്ധാളിച്ച്‌ ലീഗ്‌

റഷീദ്‌ ആനപ്പുറംUpdated: Tuesday Apr 13, 2021


തിരുവനന്തപുരം
കള്ളപ്പണവും സ്വർണവ്യാപാര തട്ടിപ്പും അഴിമതിയും മുസ്ലിംലീഗിനെ പിടിച്ചുലയ്‌ക്കുന്നു.  മുമ്പ്‌ ഒരു കാലത്തും നേരിടേണ്ടി വന്നിട്ടില്ലാത്ത  അഴിമതികളാണ്‌ ലീഗിന്‌ നേരിടേണ്ടി വരുന്നത്‌. വരും നാളുകളിൽ ഇതേക്കുറിച്ച്‌ അണികളോട്‌ ലീഗിന്‌ വിശദീകരിക്കേണ്ടിവരും. ലീഗിന്റെ പ്രമുഖ നേതാക്കളിൽ ചിലർ സമുദായ സംഘടനകളുടെ തലപ്പത്തുള്ളവരായതിനാൽ മുഖം നഷ്‌ടപ്പെട്ട നിലയിലാണവർ. കെ എം ഷാജി എംഎൽഎയുടെ വീട്ടിൽനിന്ന്‌ അരക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചതാണ്‌  ഏറ്റവും ഒടുവിൽ ലീഗിനെ നാണംകെടുത്തുന്നത്.

ഇത്‌ രണ്ടാമത്തെ ലീഗ്‌  എംഎൽഎയാണ്‌ കള്ളപ്പണ കേസിൽപ്പെടുന്നത്‌. വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയ്‌ക്കെതിരെയാണ്‌ നേരത്തെ കള്ളപ്പണം കൈകാര്യം ചെയ്‌തതിന്‌ വിജിലൻസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും കേസെടുത്തത്‌. പത്ത്‌ കോടിരൂപ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട്‌വഴി തിരിമറി നടത്തിയെന്നാണ്‌ ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്‌. പാലാരിവട്ടം പാലം അഴിമതി പണമാണിതെന്നും ആരോപണം ഉയർന്നിരുന്നു. ഈ കേസിൽ അറസ്‌റ്റിലായ ഇബ്രാഹിംകുഞ്ഞ്‌ ജാമ്യത്തിലാണ്‌. 

മഞ്ചേശ്വരം എംഎൽഎയായ എം സി ഖമറുദ്ദീനെയാണ്‌ കോടികളുടെ സ്വർണ വ്യാപാര തട്ടിപ്പിന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ദിവസങ്ങളോളം ജയിലിൽ കിടന്ന അദ്ദേഹത്തിന്‌ ഈ അടുത്താണ്‌ ജാമ്യം ലഭിച്ചത്‌. കാസർകോട്‌ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ 200 ലേറെ കേസ്‌ ഖമറുദ്ദീനെതിരെയുണ്ട്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാജിക്ക്‌ സീറ്റ്‌ നൽകിയ ലീഗ്‌ ഖമറുദ്ദീനെ തഴഞ്ഞിരുന്നു. ഇബ്രാഹിംകുഞ്ഞിന്‌ സീറ്റ്‌ നൽകിയില്ലെങ്കിലും മകന്‌ കളമശ്ശേരി സീറ്റ്‌ നൽകി.

ബാഫഖി തങ്ങൾ, ഇസ്‌മയിൽ സാഹിബ്‌, സിഎച്ച്‌ മുഹമ്മദ്‌ കോയ, പാണക്കാട്‌  പൂക്കോയ തങ്ങൾ, മുഹമ്മദലി  ശിഹാബ്‌ തങ്ങൾ തുടങ്ങിയ നേതാക്കളുടെ പാർടിയെന്ന്‌ മേനി പറയുന്നവരാണ്‌ ലീഗ്‌ നേതാക്കൾ. എല്ലാ തട്ടിപ്പുകളും മറച്ചുവച്ച്‌ മാന്യന്മാരെന്ന്‌ വരുത്താനുള്ള തന്ത്രമാണ്‌ ഈ ‘പാരമ്പര്യവാദം’. സ്‌ത്രീ പീഡന കേസിൽ രാജിവയ്‌ക്കേണ്ടിവന്ന മന്ത്രിവരെയുണ്ട്‌ ലീഗിന്‌. ഇപ്പോൾ കൈയോടെ പിടിക്കപ്പെട്ട ജനപ്രതിനിധികൾക്ക്‌ പിന്നിലും പ്രമുഖ ലീഗ്‌ നേതാക്കളുണ്ടെന്നത് പാർടിക്കകത്ത്‌പോലും പരസ്യമായ രഹസ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top