29 March Friday

ലീഗിൽ പോര്‌ കനക്കുന്നു, പക്ഷംപിടിച്ച്‌ നേതാക്കൾ ; ഭിന്നത യൂത്ത്‌ ലീഗിലേക്കും

റഷീദ്‌ ആനപ്പുുറംUpdated: Sunday Sep 18, 2022

മലപ്പുറം> അച്ചടക്ക സമിതിയെന്ന ഭീഷണി തള്ളി മുസ്ലിംലീഗിൽ പോര്‌ കനക്കുന്നു. ലീഗ്‌ പ്രവർത്തക സമിതി യോഗത്തിൽ ശക്തമായ വിമർശം നേരിട്ട കെ എം ഷാജിക്ക്‌ പിന്തുണയുമായി എം കെ മുനീർ എംഎൽഎതന്നെ രംഗത്തെത്തിയത്‌ നേതൃത്വത്തിന്‌ തലവേദനയാകുകയാണ്‌. ലീഗിലെ ഭിന്നത യൂത്ത്‌ ലീഗിലേക്കും പടർന്നു. യൂത്ത്‌ ലീഗ്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച യോഗത്തിൽനിന്ന്‌ എം കെ മുനീറിനെ മാറ്റിനിർത്തിയതും യോഗത്തിൽ ഷാജിക്കെതിരെ പി കെ ഫിറോസ്‌ ആഞ്ഞടിച്ചതും ഇതിന്റെ തെളിവാണ്‌. ഇ ടി മുഹമ്മദ്‌ ബഷീർ ഉൾപ്പെടെയുള്ള ചില പ്രമുഖ നേതാക്കൾക്ക്‌ കെ എം ഷാജിയോട്‌ മൃദുസമീപനമാണെന്ന പരാതി കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്കുണ്ട്‌. 

ലീഗ്‌ നേതൃത്വത്തെ സ്ഥിരമായി പ്രതിക്കൂട്ടിലാക്കുന്ന കെ എം  ഷാജിക്കെതിരെ കർശന നടപടി വേണമെന്ന്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയടക്കം പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഷാജിയെ പുറത്താക്കണമെന്ന്‌ ആവശ്യവുമുയർന്നു. ഇതോടെയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ ഷാജിയിൽനിന്ന്‌ വിശദീകരണം തേടിയത്‌. കഴിഞ്ഞദിവസം സ്വകാര്യ ചടങ്ങിൽ സാദിഖലി തങ്ങളും ഷാജിയും കണ്ടിരുന്നു. എന്നാൽ,  വിവാദത്തിൽ ഇരുവരും മനസ്സ്‌ തുറന്നിരുന്നില്ല. ഷാജിയുടെ നിലപാടിൽ സാദിഖലി തങ്ങളും കടുത്ത അമർഷത്തിലാണ്‌. വിശദീകരണത്തിനുശേഷം അടുത്ത നടപടിയെന്ന നിലപാടിലാണദ്ദേഹം.

ഇതിനിടെയാണ്‌ കഴിഞ്ഞദിവസം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജിക്കെതിരെ ആഞ്ഞടിച്ചത്‌. വടവൃക്ഷത്തിന്റെ മുകളിൽനിന്ന്‌ കസർത്ത്‌ കാണിക്കേണ്ട എന്നായിരുന്നു പരിഹാസം. സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്‌. ഇതിന്‌ ഷാജിക്കു പകരം മുനീർ മറുപടി പറഞ്ഞത്‌ പുതിയ സമവായത്തിന്റെ തെളിവാണ്‌. കസർത്ത്‌ കളിക്കേണ്ടെന്നത്‌ ഫിറോസിനും ബാധകമെന്നായിരുന്നു മുനീർ പറഞ്ഞത്‌.

മുമ്പ്‌ തർക്കങ്ങൾ പുറത്തറിയാതെ പാണക്കാടുവച്ച്‌ പരിഹരിക്കും. എന്നാൽ, ഇന്ന്‌ നേതാക്കൾതന്നെ കളത്തിലിറങ്ങിയും പക്ഷംപിടിച്ചും തമ്മിലടി മൂർഛിപ്പിക്കുന്നു. പ്രസിഡന്റ്‌ സാദിഖലി തങ്ങളും തർക്കത്തിൽ പക്ഷംചേരുന്നതായി ആരോപണമുണ്ട്‌. കൊച്ചിയിൽ നടന്ന ലീഗ്‌ യോഗത്തിൽ വിമർശം ഉന്നയിച്ച സംസ്ഥാന സെക്രട്ടറി കെ എസ്‌ ഹംസക്കെതിരെ നടപടിയെടുത്തതാണ്‌ സാദിഖലി തങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top