27 April Saturday

കല്ലാങ്കുഴി ഇരട്ടക്കൊല; മുസ്ലിംലീഗ്‌ ശക്തി കേന്ദ്രത്തിൽ ഡിവൈഎഫ്‌ഐയ്‌ക്ക്‌ സ്വാധീനമുണ്ടാക്കിയതിലെ വൈരാഗ്യം‌‌

എസ്‌ സിരോഷUpdated: Tuesday May 17, 2022

ഇടത്തുനിന്ന്‌ ഇരുപത്തിനാലാം പ്രതി അംജദ് ഒന്നാം പ്രതി സിദ്ദിഖ് പതിമൂന്നാം പ്രതി സുലൈമാൻ എന്നിവർ മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസിനൊപ്പം

പാലക്കാട്‌ > നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ 25 പ്രതികൾക്ക്‌ ജീവപര്യന്തം ലഭിച്ചത്‌ എട്ട്‌ വർഷത്തിനുശേഷം. ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ്‌ പ്രതികൾക്ക്‌ അർഹമായ ശിക്ഷ ലഭിച്ചത്‌. മുസ്ലിംലീഗ്‌ ശക്തികേന്ദ്രത്തിൽ പുരോഗമന പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കാൻ ശ്രമിച്ചതിനാണ്‌ കല്ലാങ്കുഴിയിൽ സഹോദരങ്ങളെ കൊന്നുതള്ളിയത്‌. ലീഗിന്റെ യോഗങ്ങൾക്കും പാർടിക്ക്‌ പണപ്പിരിവിനും പള്ളിയെ ഉപയോഗപ്പെടുത്തിയത്‌ ചോദ്യം ചെയ്‌തതാണ്‌ കുഞ്ഞിഹംസ ലീഗിന്റെ കണ്ണിൽ കരടാകാൻ കാരണം. സഹോദരൻ നൂറുദ്ദീനാവട്ടെ പ്രദേശത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തനം സജീവമാക്കാൻ മുൻകൈയെടുത്തു.
 
ഡിവൈഎഫ്‌ഐ നേതാവായിരുന്ന പി എം മുഹമ്മദ്‌ റിയാസ്‌ എത്തിയാണ്‌ കല്ലാങ്കുഴിയിൽ യൂണിറ്റ്‌ രൂപീകരിച്ചത്‌. പ്രദേശത്ത്‌ ഡിവൈഎഫ്‌ഐ കൊടി നാട്ടുകയും ചെയ്‌തു. ഇത്‌ ലീഗിന്‌ സഹിക്കാനായില്ല. 2013 നവംബറിൽ പാലക്കാട്ട്‌ നടന്ന സിപിഐ എം പ്ലീനത്തിന്റെ പ്രാദേശിക സംഘാടകർ കൂടിയായിരുന്നു സഹോദരങ്ങൾ. പ്ലീനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കിടയിലാണ്‌ 2013 നവംബർ 20ന്‌ രാത്രി ഒമ്പതിന്‌ ഇവരെ അതി ക്രൂരമായി കൊലപ്പെടുത്തിയത്‌. 
ഇരുവരുടെയും ദേഹത്ത്‌ മുപ്പതോളം വെട്ടുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ്‌ തലയിൽ ഉൾപ്പെടെ വെട്ടേറ്റ്  മരണത്തിന്റെ വക്കിലെത്തി രക്ഷപ്പെട്ടു. തൊട്ടടുത്ത ചായക്കടയിൽ അഭയം പ്രാപിച്ചതിനാലാണ്‌ കുഞ്ഞുമുഹമ്മദ്‌ രക്ഷപ്പെട്ടത്‌. കുഞ്ഞുമുഹമ്മദ്‌ ഉൾപ്പെടെ ഏഴ്‌ ദൃക്‌സാക്ഷികളാണ്‌ കേസിൽ നിർണായകമായത്‌. മരിച്ചവരുടെ ഖബറടക്കുംമുമ്പേ കേസിനെ വഴിതിരിച്ചു വിടാൻ ലീഗ്‌നേതൃത്വം ശ്രമിച്ചിരുന്നു.  ലീഗ്‌നേതാവ്‌ കളത്തിൽ അബ്‌ദുള്ള വാർത്താസമ്മേളനം നടത്തി കുടുംബ വഴക്കാണെന്ന്‌ പ്രഖ്യാപിച്ചു. തുടർന്നങ്ങോട്ട്‌ കേസ്‌ വഴിതിരിച്ചുവിടാനും അട്ടിമറിക്കാനും പല വഴിക്കും ശ്രമമുണ്ടായി.
 
പ്രതികളെ അറസ്‌റ്റ്‌ ചെയ്യാൻ വൈകിപ്പിച്ചും സാക്ഷികളെ കൂറുമാറ്റിക്കാനും യുഡിഎഫ്‌ ഭരണകാലത്ത്‌ ശ്രമമുണ്ടായി. കേസ്‌ കോടതിയിലെത്തിക്കാനും പരമാവധി വൈകിപ്പിച്ചു. എന്നാൽ കോങ്ങാട്‌ എംഎൽഎ കെ വി വിജയദാസിന്റെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.
 
അറസ്‌റ്റിന്‌ശേഷം രണ്ടാഴ്‌ച മാത്രമാണ്‌ പ്രതികൾ ജയിലിൽ കഴിഞ്ഞത്‌. കൊലപാതകത്തിനുശേഷം നാടുവിട്ട രണ്ടുപേരെ നേപ്പാളിൽനിന്ന്‌ ഇന്റർപോളാണ്‌ പിടികൂടിയത്‌. ഇവർക്ക്‌ നാടുവിടാനും മറ്റ്‌ പ്രതികൾക്ക്‌ ഒളിവിലിരിക്കാനും സൗകര്യമൊരുക്കിയത്‌ ലീഗ്‌നേതൃത്വമാണ്‌. കൊലപാതകം കുടുംബവഴക്കാണെന്നും ഇതിൽ രാഷ്‌ട്രീയമില്ലെന്നും വരുത്തി ത്തീർക്കാനുള്ള ശ്രമം കോടതിയിൽ പാളി. കൊല്ലപ്പെട്ട രണ്ടു പേരുടെയും കുടുംബവുമായി പ്രതികളിൽ ഒരാൾക്കുപോലും ബന്ധമില്ലെന്നും രാഷ്‌ട്രീയ കൊലപാതകമാണെന്നും കോടതി കണ്ടെത്തി. കൃത്യമായി ആസൂത്രണം ചെയ്‌തുതന്നെയാണ്‌ കൊലപാതകം നടത്തിയത്‌. നേതൃത്വത്തിന്റെ സംരക്ഷണവും പ്രതികൾ ഉറപ്പുവരുത്തി.
 
ജാമ്യത്തിലിറങ്ങിയ പ്രതികൾ ലീഗിന്റെ മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ഫിറോസ്‌ എന്നിവർക്കൊപ്പം നിരവധി തവണ വേദി പങ്കിട്ടിട്ടുണ്ട്‌. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ തങ്ങൾക്ക്‌ ഉന്നത നേതാക്കളുടെ പിന്തുണയുണ്ടെന്ന്‌ ജനങ്ങൾക്കിടയിൽ ബോധ്യപ്പെടുത്തി. എന്നാൽ ഈ കൊലപാതകത്തോടെയാണ്‌ കാഞ്ഞിരപ്പുഴയിൽ ലീഗിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top