24 April Wednesday

കുത്തകസീറ്റിലെ തോല്‍വി: കളമശേരിയില്‍ ലീഗ്-കോണ്‍ഗ്രസ് അടിപൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

കളമശേരി > കളമശേരി നഗരസഭ 37-ാം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറിജയം നേടിയതോടെ യുഡിഎഫില്‍ അടി പൊട്ടി. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയിലാണ് 64 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിലെ റഫീഖ് മരയ്ക്കാര്‍ വിജയിച്ചത്. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് പരാജയപ്പെടുത്തിയത്. തോല്‍വിക്ക് പിന്നാലെ പരസ്പര ആരോപണങ്ങളുമായി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

25 വര്‍ഷം തങ്ങളുടെ കൈവശമുണ്ടായിരുന്ന വാര്‍ഡ് നഷ്ടപ്പെടുത്താന്‍ കോണ്‍ഗ്രസ് ഐ നേതാവ് ജമാല്‍ മണക്കാടനും കൂട്ടരും പണവും സ്വാധീനവുമുപയോഗിച്ചതായി കഴിഞ്ഞ ദിവസം ലീഗ് കളമശേരി ടൗണ്‍ കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ അഞ്ച് അംഗങ്ങളുണ്ടായിരുന്നത് മൂന്നായി കുറഞ്ഞതിന് പിന്നില്‍ ജമാല്‍ മണക്കാടന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗക്കാരാണെന്ന കാര്യത്തില്‍ ലീഗ് അണികള്‍ക്കും നേതൃത്യത്തിനും അഭിപ്രായ വ്യത്യാസമില്ല.
കഴിഞ്ഞ തവണ ലീഗിനനുവദിച്ച 10 സീറ്റുകളില്‍ ഒന്ന് യുഡിഎഫ് നിര്‍ദ്ദേശമനുസരിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയത്. ബാക്കിയുള്ള ഒമ്പതില്‍ പുരുഷ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച അഞ്ചു വാര്‍ഡുകളില്‍ നാലിലും വിമതരെ നിര്‍ത്തി തോല്‍പ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണെന്നും കൗണ്‍സിലില്‍ ഇനി യുഡിഎഫിനെ അനുകൂലിക്കരുതെന്നുമാണ് ലീഗ് അംഗങ്ങളുടെ അഭിപ്രായം.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരി ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിന്റെ മണ്ഡലമെന്ന നിലക്ക് ജമാല്‍ മണക്കാടനുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണ് ജില്ലാ ലീഗ് നേതൃത്വം. കോണ്‍ഗ്രസിന് മുന്നില്‍ നാണംകെട്ട് കീഴടങ്ങി എന്ന അഭിപ്രായമുണ്ടാക്കാതിരിക്കാന്‍ തല്‍ക്കാലം നഗരസഭ ചെയര്‍ പേഴ്‌സണെ മാറ്റണമെന്ന ആവശ്യമുയര്‍ത്തി അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള അണിയറ നീക്കത്തിലാണ് കളമശേരി ടൗണ്‍ ലീഗ് കമ്മിറ്റി. ഇത് അംഗീകരിച്ചാല്‍ ചെയര്‍പേഴ്‌സണാകാന്‍ കഴിയുക എസ് സി വിഭാഗത്തില്‍ പെട്ട എ ഗ്രൂപ്പുകാരിയാണ്. ഇങ്ങനെ ഐ വിഭാഗം ഒറ്റപ്പെടുത്തുമ്പോഴൊക്കെ തങ്ങള്‍ക്കൊപ്പം നിന്ന എ ഗ്രൂപ്പ് കാരോട് പ്രത്യുപകാരം ചെയ്യാമെന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top