24 April Wednesday

കോണ്‍ഗ്രസിന് ന്യൂനപക്ഷ വിഷയങ്ങളില്‍ അഴകൊഴമ്പന്‍ നിലപാട്, തിരിച്ചുവരാന്‍ ത്രാണിയില്ലെന്ന് ലീഗ്; മറുപടിയുമായി മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

മലപ്പുറം > കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് അഴകൊഴമ്പന്‍ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് കരകയറാനുള്ള ത്രാണി കോണ്‍ഗ്രസിനില്ലെന്നും, പരാജയത്തില്‍ നിന്ന് ലീഗിന് കരകയറാനാകുമെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. എല്ലാ വിഷയങ്ങളിലും കോണ്‍ഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ടെന്നും മഞ്ചേരിയില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ലീഗ് പറയുന്നതില്‍ പുതുമയില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ വീഴ്ചകള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റുള്ളവര്‍ കാലത്തിനനുസരിച്ച് നിലപാട് മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹരിത വിഷയത്തിലും ലീഗിനെ മുല്ലപ്പള്ളി പരോക്ഷമായി വിമര്‍ശിച്ചു. 'രാഷ്ട്രീയരംഗത്തെ സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി സ്ത്രീകള്‍ക്ക് പറയേണ്ടി വന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയില്ല. സൈബര്‍ ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി വേണം'- മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top