17 September Wednesday

നേതൃത്വത്തിനെതിരെ ഹർജിപ്രളയം ; മുസ്ലിംലീഗ്‌ കോടതികയറുന്നു

ഒ വി സുരേഷ്‌Updated: Saturday Mar 18, 2023


മലപ്പുറം
മുസ്ലിംലീഗിന്റെ ആഭ്യന്തര രാഷ്‌ട്രീയം തർക്കവുംകേസുമായി പ്രതിസന്ധിയിൽ. മണ്ഡലം കമ്മിറ്റിമുതൽ കോടതി കയറിയ സംഘടനാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ. ഒടുവിൽ ശനിയാഴ്‌ച കോഴിക്കോട്ട്‌ നടക്കേണ്ട സംസ്ഥാന ജനറൽ കൗൺസിൽ യോഗവും കോടതി വിലക്കി. എന്നാൽ, കൗൺസിൽ യോഗം ചേരുമെന്നാണ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. സംസ്ഥാന ഭാരവാഹികളെക്കുറിച്ച്‌ ധാരണയുണ്ടാക്കാൻ സാദിഖലി തങ്ങൾ വെള്ളിയാഴ്‌ച ജില്ലാ ഭാരവാഹികളിൽനിന്ന്‌ അഭിപ്രായവും തേടി.  

മാർച്ച്‌ നാലിനായിരുന്നു സംസ്ഥാന ജനറൽ കൗൺസിൽ ചേരേണ്ടിയിരുന്നത്‌. മുൻ സംസ്ഥാന സെക്രട്ടറി കെ എസ്‌ ഹംസ കോഴിക്കോട്‌ മുൻസിഫ്‌ കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന്‌ 18ലേക്ക്‌ മാറ്റി. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ലെന്നും കൗൺസിൽ ചേരരുതെന്നും കാട്ടി മുൻ ജില്ലാ പ്രസിഡന്റ്‌ എം പി അബ്ദുൽ ഖാദറും കോടതിയെ സമീപിച്ചു. ഇതിൽ പത്തിന്‌ വിധി വന്നു. തൊട്ടടുത്ത ദിവസം ഹർജി പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരാൾ ഈ ഹർജിയിൽ കക്ഷിചേർന്നു. ഇതോടെ യോഗത്തിന്‌ വീണ്ടും വിലക്ക്‌. തിരുവനന്തപുരം, തൃശൂർ കമ്മിറ്റികളിൽനിന്നുള്ള ഹർജിയും നിലവിലുണ്ട്‌. കോടതിവിധി മറികടക്കാൻ 11ന്‌ എറണാകുളത്ത്‌ യോഗം ചേർന്നതായി രേഖയുണ്ടാക്കിയതായാണ്‌ സൂചന. എംഎസ്‌എഫിൽനിന്ന്‌ പുറത്താക്കപ്പെട്ട വൈസ്‌ പ്രസിഡന്റ്‌ വയനാട്ടിലെ പി പി ഷൈജലിന്റെ പരാതിയും ഹരിത വിഷയവും കോടതിയിലാണ്‌.

സെക്രട്ടറി ആര്‌
ജനറൽ സെക്രട്ടറിയായി ആരുവേണമെന്ന്‌ തീരുമാനമെടുക്കാൻ വെള്ളിയാഴ്‌ച പ്രധാന ഭാരവാഹികളിൽനിന്ന്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ അഭിപ്രായം തേടി.  കോഴിക്കോട്‌ ഒഴികെയുള്ള ജില്ലകളിൽനിന്ന്‌ ഭൂരിപക്ഷം പേരും നിലവിൽ ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനെ പിന്തുണച്ചതായാണ്‌ സൂചന.   കോഴിക്കോട്‌ ഭാരവാഹികൾ  എം കെ മുനീറിനെ പിന്തുണച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top