29 March Friday

‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’ പ്രണയകാവ്യത്തിന്‌ ചിത്രാവിഷ്‌കാരം

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021
കൊണ്ടോട്ടി > വരികളിൽ തുളുമ്പിയ പ്രണയത്തിന്‌ ചിത്രാവിഷ്‌കാരമൊരുക്കി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചരിത്ര സാംസ്‌കാരിക  മ്യൂസിയം.  മോയിൻകുട്ടി വൈദ്യർ രചിച്ച ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’ പ്രണയകാവ്യത്തിനാണ്‌  കാസർകോട്‌ ജില്ലയിലെ രാവണേശ്വരത്തെ ആർടിസ്റ്റ് നാരായണൻ കടവത്ത് വർണങ്ങൾ ചാലിച്ചത്‌. 
തന്റെ  20 -ാം വയസിൽ  മോയിൻകുട്ടി വൈദ്യർ ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്ന കാവ്യം രചിച്ചത്.
 
അറബി മലയാളത്തിലെ ആദ്യത്തെ പ്രണയകാവ്യമാണിത്. കൗമാരക്കാരിയായ മന്ത്രിപുത്രി ഹുസ്‌നൽ ജമാലും ബദറുൽ മുനീറും തമ്മിലുള്ള പ്രണയം വൈദ്യരുടെ വരികളിലൂടെ കേൾവിക്കാരനും അനുഭവിച്ചു. ബദറുൽ മുനീറിന്റെ മുഖം കണ്ടാൽ താമര വിരിയുമെന്നാണ് മോയിൻകുട്ടി വൈദ്യർ കാവ്യത്തിൽ കുറിച്ചത്. താമര വിരിയുന്നത് സൂര്യൻ ഉദിക്കുമ്പോഴാണ്. മുനീറിന്റെ മുഖം സൂര്യനോടാണ് കവി ഉപമിക്കുന്നത്. അത് നേരെ പറയുന്നില്ല. സൂര്യൻ എന്ന വാക്കുപോലും പറയാതെ കവിമനസ്സിലെ ഉപമ അനുവാചകരിലേക്കും പടർത്തി.
 
ഈ കാവ്യം ആർടിസ്റ്റ് നാരായൺ പകർത്തിയപ്പോൾ നിലാവിൽ കുളിച്ചുനിൽക്കുന്ന ഉദ്യാനത്തോടുചേർന്ന് ഹുസ്‌നുൽ ജമാലും ബദറുൽ മുനീറും ചെലവഴിച്ച നിമിഷങ്ങളെയാണ് വരച്ചിട്ടത്. നിലാവിലെ നിഴൽപോലും സൂക്ഷ്മമായി പകർത്താൻ ചിത്രകാരൻ ശ്രമിച്ചതിലൂടെ പ്രണയത്തിന്റെ വർണംകൂടിയാണ് ആ നിലാവിൽ തെളിയുന്നത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾതന്നെ കാഴ്ചക്കാരെ ആകർഷിക്കുന്നവിധത്തിലാണ് ചിത്രം ആലേഖനംചെയ്തിരിക്കുന്നത്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന് ചിത്രാവിഷ്‌കാരം നടത്താനായതിന്റെ സന്തോഷത്തിലാണ് അമ്പതുകാരനും പ്രവാസിയുമായ നാരായണൻ കടവത്ത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top