17 December Wednesday

അരുംകൊലയിൽ ചോദ്യങ്ങൾ ബാക്കി; പ്രതികളുമായുള്ള ബന്ധത്തിൽ ദുരൂഹത

സി പ്രജോഷ്‌ കുമാർUpdated: Saturday May 27, 2023

എരഞ്ഞിപ്പാലത്ത് കൊല്ലപ്പെട്ട ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മോർച്ചറിയിൽ എത്തിച്ചപ്പോൾ

കോഴിക്കോട് > ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ  ദുരൂഹത. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ്‌ കൊലയെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21 വയസ്സും 18 വയസ്സുമുള്ള പ്രതികൾക്ക്‌ അരുംകൊലയ്‌ക്ക്‌ ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്നതും വ്യക്തമല്ല.
 
കൊലയ്‌ക്കുശേഷം  പ്രതികൾ സിദ്ദിഖിന്റെ എടിഎം കാർഡ്‌ ഉപയോഗിച്ച്‌ തുടർച്ചയായി പണമെടുത്തിട്ടുണ്ട്‌. പ്രതികളുടെ ലക്ഷ്യം പണം തട്ടൽ മാത്രമായിരുന്നോ എന്നതാണ്‌ ഇനി അറിയേണ്ടത്‌. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ 18ന്‌ സിദ്ദിഖ്‌ രണ്ട്‌ മുറികൾ ബുക്ക് ചെയ്‌തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു. ജി 4ൽ സിദ്ദിഖും. ഈ മുറിയിലാണ്‌ കൊല നടന്നത്‌. മൂർച്ചയേറിയ ആയുധമുപയോഗിച്ച്‌ മൃതദേഹം മൂന്ന്‌ കഷ്‌ണങ്ങളാക്കി രണ്ട്‌ ബാഗുകളിലേക്ക്‌ മാറ്റുകയായിരുന്നു.
 
നിർണായകമായത്‌ സിസിടിവി 
ദൃശ്യങ്ങൾ
 
ഹോട്ടലിന്‌ മുൻവശത്തെ വസ്ത്രവിൽപ്പനശാലയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്‌ കേസിലെ നിർണായക വിവരം ലഭിച്ചത്‌. 19ന്‌ പകൽ 3.09നും 3.19നും ഇടയിലുള്ളതാണ്‌ ഈ ദൃശ്യങ്ങൾ. ഹോട്ടലിന്‌ മുൻവശത്ത്‌ നിർത്തിയിട്ട  കാറിൽ ബാഗുകൾ കയറ്റുന്നതാണ്‌ സിസിടിവിയിലുള്ളത്‌.  കാർ പാർക്ക് ചെയ്‌ത് 15 മിനിറ്റിനുശേഷമാണ് ആദ്യ ബാഗ് ഷിബിലി ഡിക്കിയിൽ  കയറ്റുന്നത്.  അൽപ്പസമയത്തിനുശേഷമാണ്‌ അടുത്ത ബാഗുമായി ഫർഹാന എത്തുന്നത്‌. തുടർന്ന്‌ ഇരുവരും കാറിൽ  പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  അറസ്റ്റിലായ ആഷിഖ്‌ കാറിനുള്ളിൽ ഉണ്ടായിരുന്നതായാണ് നിഗമനം.
 
ഹോട്ടൽ 
തെരഞ്ഞെടുത്തതും ദുരൂഹം
 
സിദ്ദിഖ്‌ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്‌ ദുരൂഹമാണ്‌. മാസങ്ങൾക്കുമുമ്പ്‌ തുടങ്ങിയ ഹോട്ടലിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്നു. കേടായ സിസിടിവി 19നാണ് നന്നാക്കിയതെന്നാണ്‌ ഹോട്ടൽ അധികൃതർ പൊലീസിനോട്‌ പറഞ്ഞത്‌. ഹോട്ടലിൽ ഫോറൻസിക്‌ സംഘം നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ്‌ കൊലപാതകം ഉറപ്പിച്ചത്‌. മൂന്ന് ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോട്ടലിലെ റിസപ്‌ഷനിലെ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. 
 
ഷിബിലിയുമായുള്ള ബന്ധമെന്ത്‌?
 
ഷിബിലി ഹോട്ടലിൽ ജോലിചെയ്‌തത് 15 ദിവസം മാത്രമാണ്‌.  പെരുമാറ്റദൂഷ്യം കാരണം 18ന്‌ ഷിബിലിയെ പറഞ്ഞുവിട്ടു.  മുഴുവൻ ശമ്പളവും നൽകിയിരുന്നു. 
അന്നുതന്നെയാണ്‌ സിദ്ദിഖ്‌ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്‌.  രാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ്‌ പറഞ്ഞത്‌. എന്നാൽ, രാത്രിയിൽ ഫോൺ സ്വിച്ച്‌ ഓഫായി. ഇതിനിടയിൽ കൊലപാതകം നടന്നിരിക്കാനാണ്‌ സാധ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top