26 April Friday

സിദ്ദിഖ്‌ കൊലപാതകത്തിൽ ആഷിഖും നേരിട്ട്‌ പങ്കാളി; ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023

കോഴിക്കോട്‌> ഹോട്ടൽ വ്യാപാരിയായ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതി ആഷിഖിന്‌ നേരിട്ട്‌ പങ്ക്‌. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം പൊലീസിനോട്‌ സമ്മതിച്ചു. ഫർഹാന വിളിച്ചിട്ടാണ്‌ ആഷിഖ്‌ കോഴിക്കോട്ടെത്തിയത്‌. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ എത്തുമ്പോൾ സിദ്ദിഖും ഷിബിലിയും മദ്യപിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വാക്‌തർക്കമായി. ആഷിഖ്‌ സിദ്ദിഖിനെ ചവിട്ടിവീഴ്‌ത്തി. തുടർന്നുള്ള മർദനത്തിലാണ്‌ സിദ്ദിഖ്‌ മരിച്ചത്‌. മരണം ഉറപ്പാക്കിയശേഷം ആഷിഖ്‌ മടങ്ങി.

കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ തങ്ങിയ ഇയാളെ സിദ്ദിഖിന്റെ കാറിൽ എത്തിയ ഫർഹാനയും ഷിബിലിയും ബീച്ചിലേക്ക്‌ കൊണ്ടുപോയി. മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി തള്ളാൻ തീരുമാനിച്ചത്‌ ഇവിടെ വച്ചാണ്‌. മിഠായിത്തെരുവിലെ കടയിൽനിന്ന്‌ ട്രോളി ബാഗ്‌ വാങ്ങി. ഇതിനുശേഷം ആഷിഖ്‌ മടങ്ങി. തുടർന്ന്‌ ഷിബിലിയും ഫർഹാനയും  മൃതദേഹം കഷണങ്ങളാക്കി. ഒരു ബാഗിൽ കൊള്ളാത്തതിനാൽ മറ്റൊരു ട്രോളി ബാഗ്‌ വാങ്ങി. ബാഗുമായി അഗളിയിലേക്ക്‌ പുറപ്പെട്ട ഇവർ വഴിയിൽവച്ച്‌ ആഷിഖിനെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

ആഷിഖിനെ ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ആഷിഖിനെ കൊലപാതകം നടന്ന ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ തിരൂർ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിലാണ്  പകൽ 11.50ഓടെ എത്തിച്ചത്. തുടർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയ ജി 4 റൂമിലെത്തി തെളിവ്‌ ശേഖരിച്ചു. 12 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷകസംഘം ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ മലബാർ ഫൂട്ട്‌കെയറിലെത്തിച്ച് തെളിവെടുത്തു.

വെഴിയാഴ്‌ച പ്രതികളായ ഫർഹാനയെയും ഷിബിലിയെയും ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ഫർഹാനയെയും ഷിബിലിയെയും വെള്ളിയാഴ്ച തിരൂർ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി. ആഷിഖിന്റെ കസ്റ്റഡി  ഞായറാഴ്‌ച അവസാനിക്കും.

കേസ് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റാൻ ആലോചനയുണ്ട്. കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവ കോഴിക്കോട്ടായ സാഹചര്യത്തിലാണ് കേസ് മാറ്റുന്നത്‌ പരിഗണിച്ചത്. ആഷിഖിനെ കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും കേസ് മാറ്റുന്നത്‌ തീരുമാനിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top