29 March Friday

മൂന്നാർ‐ മാട്ടുപ്പെട്ടി ടൂറിസം ട്രെയിൻ പദ്ധതി ഉടൻ നടപ്പിലാക്കും: കടകംപള്ളി സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

തിരുവനന്തപുരം> തൊണ്ണൂറ്റിയഞ്ച‌് വർഷങ്ങൾക്ക‌ുമുമ്പ‌് ഓട്ടം നിർത്തിയ മൂന്നാർ‐ മാട്ടുപ്പെട്ടി ട്രെയിൻ സർവീസ‌് വീണ്ടും ആരംഭിക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്നാര്‍- മാട്ടുപ്പെട്ടി റൂട്ടില്‍ ഓട്ടം നിലച്ച മോണോ റെയിലിനാണ് ടൂറിസം വകുപ്പ് പുനരുജ്ജീവനേകുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മന്ത്രിയുടെ അധ്യക്ഷതയില്‍ മുമ്പ് ചേർന്നിരുന്നു.

ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിന്‍ സര്‍വീസിന്റെ മാതൃകയില്‍ ട്രെയിന്‍ ഓടിക്കാനാണ് പദ്ധതി. ടാറ്റ കമ്പനിയുടെ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ കടന്നു പോകുന്ന 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പഴയ റെയില്‍ പാതയുടെ 5 കിലോമീറ്റര്‍ ആദ്യഘട്ടത്തില്‍ നവീകരിക്കും. റെയില്‍വേ വികസന കോര്‍പറേഷന്റെ പ്രതിനിധികളും ടൂറിസം വകുപ്പ് അധികൃതരും ഉള്‍പ്പെട്ട സംഘം മൂന്നാറില്‍ പഠനം നടത്തിയ ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ച് പദ്ധതിയുടെ ചെലവും അടുത്ത ഘട്ടവും തീരുമാനിക്കും.

മൂന്നാറിനെയും മാട്ടുപ്പെട്ടിയേയും ബന്ധിപ്പിച്ചിരുന്ന റൂട്ടില്‍ മോണോ റെയില്‍ പാത മുമ്പ് നിര്‍മിച്ചതു ബ്രിട്ടീഷുകാരാണ്. തേയിലയും മറ്റു ചരക്കുകളും മാട്ടുപ്പെട്ടിയില്‍ എത്തിക്കാനുള്ള എളുപ്പവഴിയായിരുന്നു ഇത്. 1908-ലാണ് ആവി എന്‍ജിനുകള്‍ ഉപയോഗിക്കുന്ന ഈ ട്രെയിന്‍ ഓടി തുടങ്ങിയത്. 1924-ലെ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും ഇതു നശിച്ചു. അന്നത്തെ ആ പഴയ റെയില്‍വേ സ്റ്റേഷനിലാണ് ഇന്ന് കണ്ണന്‍ദേവന്‍ ടീ പ്ലാന്റേഷന്‍ കമ്പനിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. പഴയ ട്രെയിനിന്റെ ചക്രം ഇവിടത്തെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഭൂമി ലഭ്യതയും മറ്റും പരിശോധിച്ച് ഉടൻ തന്നെ പദ്ധതി നടപ്പിലാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top