തിരുവനന്തപുരം
ഇന്ത്യയിൽ തകർന്നത് 71 മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം. 4000 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിലുള്ളത്. ഈ തുകയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ പരിരക്ഷയും ഇല്ല. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപം നൽകിയതെങ്കിലും വാജ്‌പേയി സർക്കാരിന്റെ കാലംമുതൽ ഇത്തരം സംഘങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. അവർക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇവയ്‌ക്ക് തഴച്ചുവളരാൻ അവസരം നൽകി. 1367 മൾട്ടി സ്റ്റേറ്റ് കോ–- -ഓപ്പറേറ്റീവ് സൊസൈറ്റികളിൽ 638 എണ്ണവും രജിസ്റ്റർ ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. ഉത്തർപ്രദേശിലും ന്യൂഡൽഹിയിലുമായി 155 എണ്ണം വീതവുമുണ്ട്. 610 ക്രെഡിറ്റ് സൊസൈറ്റി, 275 കൃഷി അധിഷ്ഠിത സൊസൈറ്റി, 67 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്ക്, 21 നാഷണൽ കോ-–- ഓപ്പറേറ്റീവ് ഫെഡറേഷൻ എന്നിവയാണ് ആകെ.
സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഇപ്പോൾ നടത്തുന്നത്. കൃഷി, ക്ഷീരമേഖല, ചെറുകിട വ്യവസായം എന്നിവയെ ആണ് ലക്ഷ്യംവയ്‌ക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും വാണിജ്യബാങ്കുകൾക്ക് ലഭിക്കുന്ന പരിരക്ഷ ഇവയ്‌ക്കില്ല. സംസ്ഥാനങ്ങളുടെ പരിരക്ഷയുമില്ല. ഇടപാടുകാർ സ്വന്തം ഉത്തരവാദിത്വത്തിൽ നിക്ഷേപിക്കണം. രാജസ്ഥാൻ, മഹാരാഷ്ട്ര, ന്യൂഡൽഹി, ഒഡിഷ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവയാണ് നഷ്‌ടത്തിലായവയിൽ കൂടുതൽ. വാണിജ്യ ബാങ്കുകളേക്കാൾ ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്‌താണ് ഇത്തരം സ്ഥാപനങ്ങൾ ഇടപാടുകാരെ ആകർഷിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലാണ് അന്തർസംസ്ഥാന സഹകരണ സംഘങ്ങൾ പ്രവർത്തനമാരംഭിച്ചത്. പിന്നീട് കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിലെ സ്വയംനിയന്ത്രിത സ്ഥാപനങ്ങളായി മാറി. സംസ്ഥാന നിയമങ്ങൾ ഈ സംഘങ്ങൾക്ക് ബാധകമല്ല.
സഹകരണമേഖല ശക്തമായതിനാൽ കേരളത്തിൽ ഇത്തരം സംഘങ്ങൾക്ക് പടർന്നുപന്തലിക്കാൻ കഴിഞ്ഞിട്ടില്ല. 1200 കോടിയുടെ സഹകരണ സംരക്ഷണ നിധി രൂപീകരിച്ച ഏക സംസ്ഥാനമാണ് കേരളം. അതുതന്നെയാണ് സഹകരണ മേഖലയെ തകർക്കാനുള്ള പരിശ്രമങ്ങൾക്കു പിന്നിലെ കാരണവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..