19 April Friday
142 അടിയാക്കുന്നതിൽ കടുത്ത വിയോജിപ്പ് അറിയിച്ച് കേരളം , വിശദ സത്യവാങ്മൂലം സമർപ്പിക്കും

മുല്ലപ്പെരിയാർ ജലനിരപ്പ്‌ 139.5 അടിയിൽ കൂടരുത്‌: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ നവംബർ 10 വരെ 139.5 അടിയിൽ കൂടരുതെന്ന്‌   സുപ്രീംകോടതിയുടെ ഇടക്കാലനിർദേശം. ജലനിരപ്പ് 142 അടിയാക്കരുതെന്നും തമി‌ഴ്‌നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു.
ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയുണ്ടാവുമെന്നും 139 അടിയായി നിലനിർത്തണമെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്‌ത ചൂണ്ടിക്കാണിച്ചത്.

നവംബർ10 വരെ അപ്പർ റൂൾലെവൽ 139.5 അടിയായിരിക്കുമെന്ന്‌ തമിഴ്‌നാട്‌ വ്യക്തമാക്കി. ഈ   റിപ്പോർട്ട്‌ മേൽനോട്ടസമിതിയും അംഗീകരിച്ചു. കേരളത്തിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ 138.3അടിയാണ്‌ ജലനിരപ്പ്‌.  അടിയന്തരസാഹചര്യം ഉണ്ടായാൽ മേൽനോട്ടസമിതിക്ക്‌ നടപടി സ്വീകരിക്കാമെന്നും ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കി. തമിഴ്‌നാടിന്റെ റൂൾകർവ് മാനദണ്ഡത്തിൽ കടുത്തവിയോജിപ്പുണ്ടെന്ന്‌ കേരളം  അറിയിച്ചു. ഇതിന്റെ വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നവംബർ 11ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

കേരളത്തിലെ മൺസൂൺ സാഹചര്യം കണക്കിലെടുത്താൽ മേൽനോട്ടസമിതി തീരുമാനം ഒട്ടും സുരക്ഷിതമല്ലെന്ന്‌ സംസ്ഥാനത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌ത ചൂണ്ടിക്കാട്ടി. 2018ൽ പ്രളയമുണ്ടായപ്പോൾ ജലനിരപ്പ്‌ 139 അടിയായി നിലനിർത്തണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ സാഹചര്യം പരിഗണിച്ച്‌ സമാന ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു. നവംബർ 20ന്‌ 141 അടി, നവംബർ 30ന്‌ 142 അടി എന്നിങ്ങനെ ജലനിരപ്പ്‌ ആകാമെന്നാണ്‌ തമിഴ്‌നാടിന്റെ നിലപാട്‌. കേരളത്തിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ ഇതനുസരിച്ച്‌ ജലനിരപ്പ്‌ നിശ്‌ചയിക്കുന്നത്‌ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ്‌ കേരളത്തിന്റെ വാദം.

അഞ്ച്‌ ജില്ലയിലെ 30 ലക്ഷത്തിലധികം ആളുകളുടെ ജീവനും സുരക്ഷയും സംബന്ധിച്ച്‌ കേരളസർക്കാരിന്റെ ആശങ്ക തിരിച്ചറിയണം. 126 വർഷം പഴക്കമുള്ള ഡാം നിർമിച്ച അവസരത്തിൽ ഭൂകമ്പസാധ്യത കണക്കിലെടുത്തിട്ടില്ല. അണക്കെട്ട് ഡീകമീഷൻ ചെയ്‌ത്‌ പുതിയത്‌ നിർമിക്കുന്നതാകും യുക്തിഭദ്രമായ നടപടി–- കേരളം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top