18 April Thursday
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല

കണ്ണടച്ച് ഇരുട്ടാക്കരുത്; മുല്ലപ്പെരിയാറിലെ പ്രശ്‌നം ഉണ്ടാക്കിയത് യുഡിഎഫാണ്: എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

തിരുവനന്തപുരം > മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താനാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതിൽ വ്യക്തമായ നയമുണ്ട്. നിയമസഭയിൽ എട്ടിന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായി വനം മന്ത്രി ശക്തമായി മറുപടി പറഞ്ഞതാണ്. മന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞാൽ അതുതന്നെ വീണ്ടും വീണ്ടും മുഖ്യമന്ത്രി ആവർത്തിക്കണമെന്ന് പറയുന്നതിൽ അർഥമില്ല. ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്. 

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. മുല്ലപ്പെരിയാറിലെ പ്രശ്നം ഉണ്ടാക്കിയത് യുഡിഎഫാണ്‌. 2006ലെയും 2014ലെയും സുപ്രീംകോടതി വിധി ചോദിച്ചുവാങ്ങിയതാണ്. അത് യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി അണക്കെട്ടിന്‌ താങ്ങാൻ ശേഷിയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ മന്ത്രിയായിരിക്കുമ്പോഴാണ് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ മൊഴി കൊടുത്തത്. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണകക്ഷി അതിനെ ശക്തമായി എതിർത്തിരുന്നു.

കേന്ദ്രത്തിനെതിരെ തിരിയേണ്ട ജനവികാരത്തെ എൽഡിഎഫിനെതിരായി തിരിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങളിൽനിന്ന് കെപിസിസി പ്രസിഡന്റ്‌ പിന്മാറണമെന്നും ബാലൻ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top