26 April Friday

വേനൽ കടുക്കുന്നു: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 117.85 അടിയായി

കെ എ അബ്‌ദുൾ റസാഖ്‌Updated: Tuesday Mar 14, 2023

തേക്കടി തടാകം

കുമളി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 117.85 അടിയിലേക്ക് താഴ്ന്നു. വേനൽമഴ ലഭിക്കാത്തതിനാൽ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലച്ചു. കാർഷികാവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനും മാത്രമാണ് ഇപ്പോൾ സെക്കൻഡിൽ 300 ഘനയടി വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്. ഡിസംബർ 27ന് ജലനിരപ്പ് 142 അടി എത്തിയിരുന്നു.  മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 53.67 അടി വെള്ളം ഉണ്ട്.  

വേനൽ മഴ ലഭിക്കാതിരിക്കുകയും തമിഴ്നാട് വെള്ളം കൊണ്ടുപോവുകയും തുടർന്നാൽ തേക്കടിയിലെ ജലനിരപ്പ് ഇനിയും കുറയും. ജലനിരപ്പ് കുറയുന്നത് തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരിയെയും പ്രതികൂലമായി ബാധിക്കും. ജലനിരപ്പ് കുറയുമ്പോൾ നിലവിലെ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കാനാവില്ല.

ഒരു പതിറ്റാണ്ട് മുമ്പുവരെയും അണക്കെട്ടിലെ ജലനിരപ്പ് കുറയുമ്പോൾ നിലവിലുള്ള ബോട്ട് ലാൻഡിങ്ങിൽ നിന്നും ഒരു കിലോ മീറ്റർ അപ്പുറത്തേക്ക് താൽക്കാലിക ജെട്ടി നിർമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ജലനിരപ്പ് കുറയുമ്പോൾ താൽക്കാലിക ജെട്ടി നിർമിക്കാൻ വനംവകുപ്പ് അധികൃതർ അനുമതി നൽകാറില്ല. അഞ്ചുവർഷം മുമ്പ് ജലനിരപ്പ് കുറഞ്ഞപ്പോൾ വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കുന്ന നിലപാട് വനംവകുപ്പ് സ്വീകരിച്ചു. ജലനിരപ്പ് കുറഞ്ഞപ്പോൾ താൽക്കാലിക ബോട്ട് ജെട്ടി നിർമിക്കാൻ അനുവദിക്കാതെ ബോട്ടുകളിൽ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം വനംവകുപ്പ് ഏകപക്ഷീയമായി വെട്ടിക്കുറച്ചു. ജലനിരപ്പ് 114 അടിയിൽ താഴെയായാൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനാവില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top