26 April Friday

മുല്ലപ്പെരിയാർ: വിവാദം തിരിച്ചടിക്കുന്നു ; തുറക്കാൻ മടിച്ച്‌ തമിഴ്‌നാട്‌

ദിനേശ്‌ വർമUpdated: Tuesday Nov 16, 2021



തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ അനാവശ്യ വിവാദം തിരിച്ചടിക്കുന്നു. ഒക്‌ടോബർ അവസാനം ശക്തമായ മഴയുണ്ടായപ്പോൾ ജലനിരപ്പ്‌ 139ൽ എത്തുംമുമ്പുതന്നെ സ്വാഭാവികമായി അണക്കെട്ട്‌ തുറന്നുവിട്ട തമിഴ്‌നാട്‌ ഇപ്പോൾ അതിന്‌ തയ്യാറല്ല. ജലനിരപ്പ്‌ 140.35 അടിയായിട്ടും തുറന്നുവിട്ടില്ല. നടപടിക്രമപ്രകാരം മതിയെന്ന നിലപാടിലാണ്‌. വൃഷ്ടിപ്രദേശത്ത്‌ മഴയുള്ളതിനാൽ ശക്തമായ നീരൊഴുക്കുണ്ട്‌. ഇനി മേൽനോട്ടസമിതിയോട്‌ ജലനിരപ്പ്‌ കുറയ്‌ക്കാൻ ആവശ്യപ്പെട്ട്‌ അവരുടെ അഭ്യർഥനപ്രകാരമേ കുറയ്‌ക്കാനാകൂ. അതിനുള്ള ശ്രമത്തിലാണ്‌ കേരളം.

ഒക്‌ടോബർ 29ന്‌ ജലനിരപ്പ്‌ 138.7 അടിയായപ്പോൾ സമ്മർദമില്ലാതെതന്നെ തമിഴ്‌നാട്‌ അണക്കെട്ടിന്റെ രണ്ട്‌ ഷട്ടർ തുറന്നത്‌ സഹകരണ അന്തരീക്ഷം ഉള്ളതിനാലാണ്‌. മഴ വർധിച്ചപ്പോൾ രാത്രി ഒരു ഷട്ടർകൂടി തുറക്കാനും തയ്യാറായി. സെക്കൻഡിൽ 825 ഘനയടി വെള്ളം തുറന്നുവിട്ടു. 2014ൽ ജലനിരപ്പ്‌ 142 അടിയാക്കിയശേഷം മൂന്നുതവണ തുറന്നുവിട്ടിരുന്നു. തീവ്രമഴയുടെ സാഹചര്യത്തിൽ ഒക്‌ടോ. 28–-നവം.11 കാലയളവിൽ  ജലനിരപ്പ്‌ 139.5 അടി എന്ന ഇടക്കാല വിധി നേടാനും കേരളത്തിനായി.  അണക്കെട്ട്‌ സുരക്ഷിതമാണെന്നും ജലനിരപ്പ്‌ 142 അടിയായി ഉയർത്താതിരിക്കാൻ കേരളത്തിൽ സമൂഹമാധ്യമ പ്രചാരണം നടക്കുന്നുവെന്നുമാണ്‌ ശനിയാഴ്‌ച സുപ്രീംകോടതിയിൽ തമിഴ്‌നാട്‌ എടുത്ത നിലപാട്‌.

മുല്ലപ്പെരിയാർ വിഷയം സർക്കാരിനെതിരായ ആയുധമാക്കാൻ ലക്ഷ്യമിട്ട്‌ അടിസ്ഥാനരഹിതമായ കാര്യങ്ങളിൽ വിവാദമുണ്ടാക്കാനാണ്‌ പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ശ്രമിച്ചത്‌. ‘കേരളത്തിന്‌ സുരക്ഷ, തമിഴ്‌നാടിന്‌ വെള്ളം’ എന്ന നിലപാടിന്‌ അനുസൃതമായി സർക്കാർ ശക്തമായ നടപടിയെടുത്തിട്ടും വിവാദങ്ങൾക്ക്‌ പിറകെയാണിവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top