25 April Thursday
നുണ പ്രചരിപ്പിക്കുന്നു

പ്രതിപക്ഷനേതാവ്‌ രാഷ്‌ട്രീയ മാന്യത കാട്ടണം: മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

തിരുവനന്തപുരം> നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതിൽ രാഷ്‌ട്രീയ മാന്യതയ്‌ക്ക്‌ നിരക്കാത്ത നിലപാടാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസത്യങ്ങളും അവാസ്‌തവപ്രസ്‌താവനകളുമാണ്‌  പ്രതിപക്ഷനേതാവ്‌ നടത്തുന്നത്‌. മരണം സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം. വസ്‌തുതാപരമായാണ്‌ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും റിയാസ്‌ പറഞ്ഞു.

സ്വന്തം പ്രസ്‌താവനയിലെ തെറ്റുകൾ തിരുത്താനല്ല മറിച്ച്‌ മലക്കം മറിയാനും അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ സ്ഥാപിക്കാനുമാണ്‌ പ്രതിപക്ഷനേതാവ്‌ ശ്രമിച്ചത്‌. നെടുമ്പാശേരി ഉൾപ്പെട്ട പാതയുടെ പൂർണ അധികാരം ദേശീയപാത അധികൃതർക്കാണ്‌. അതിന്റെ ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിന്‌ കീഴിലുള്ളവരാണ്‌. നിയമസഭയിലെ ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടും മരണവീട്ടിൽ പോയശേഷം നുണ പറയുകയാണ്‌. പ്രീ മൺസൂൺ പ്രവൃത്തി ഒന്നും നടന്നിട്ടില്ലെന്നാണ്‌ ആക്ഷേപം. 322.16 കോടി രൂപയാണ്‌ മഴക്കാലപൂർവ പ്രവൃത്തികൾക്കായി പൊതുമരാമത്ത്‌ ചെലവഴിച്ചത്‌.

പിഡബ്ല്യുഡി മെയിന്റനൻസ്‌ വിഭാഗം 2017ലാണ്‌ രൂപീകരിച്ചത്‌. 2018 മുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. എംഎൽഎമാരായ രമേശ്‌ ചെന്നിത്തല, യു പ്രതിഭ, എച്ച്‌ സലാം എന്നിവരുമായി കൂടിയാലോചന നടത്തിയാണ്‌ ഹരിപ്പാട്‌, കായംകുളം ദേശീയപാതയിലെ പ്രശ്‌നം പരിഹരിച്ചത്‌. ആ മേഖലയും ദേശീയപാത അതോറിറ്റിയുടെ ഭാഗമാണ്‌. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ പരിഹാരം കണ്ടത്‌.  ഇതറിഞ്ഞും അവാസ്‌തവം പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top