24 April Wednesday

ലൈംഗിക ലാക്കോടെയല്ലാതെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കലല്ല; ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

മുംബൈ> ലൈംഗിക ലാക്കോടെയല്ലാതെ പെണ്‍കുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആവില്ലെന്ന് ബോംബെ ഹൈക്കോടതി.പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി.'നീയങ്ങു വളര്‍ന്നല്ലോ' എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്.

പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം പ്രോസിക്യൂഷനും ഇല്ലെന്നു കോടതി പറഞ്ഞു. തെറ്റായ ഉദ്ദേശ്യത്തോടെയാണ് പ്രതി പെരുമാറിയതെന്ന് പെണ്‍കുട്ടിയും പറയുന്നില്ല. എന്നാല്‍, പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥത തോന്നിയെന്നാണ് കുട്ടിയുടെ മൊഴി.ഒരു സ്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി.

 പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ല- കോടതി പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top