26 April Friday
68,649 കിടക്കകൾക്ക്‌ സൗകര്യം

കോവിഡ്‌ കെയർ സെന്ററിന്‌ 7398 കെട്ടിടം ; കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി

റഷീദ‌് ആനപ്പുറംUpdated: Friday Mar 27, 2020


സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കോവിഡ്‌ കെയർ സെന്ററുകൾക്കായി ആരോഗ്യവകുപ്പ്‌ കണ്ടെത്തിയത്‌ 7398 കെട്ടിടം. പൊതു–-സ്വകാര്യ മേഖലയിലെ ഒഴിഞ്ഞുകിടക്കുന്ന ആശുപത്രികൾ, ഹോസ്‌റ്റലുകൾ, പരിശീലനകേന്ദ്രങ്ങൾ, ലോഡ്‌ജുകൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ളതാണ്‌ ഇത്‌. 68,649 കിടക്കയുടെ സൗകര്യം ഈ കെട്ടിടങ്ങളിലുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ്‌ ഇവ കണ്ടെത്തിയത്‌.  ആരോഗ്യവകുപ്പ്‌ പരിശോധിച്ച്‌ കോവിഡ്‌ കെയർ സെന്റർ ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കെട്ടിടങ്ങളുടെ എണ്ണം ഇനിയും വർധിച്ചേക്കും.

കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. ആവശ്യമായ അറ്റകുറ്റപ്പണികളും മറ്റും പൊതുമരാമത്ത്‌ കെട്ടിടവിഭാഗം നടത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഏത്‌ സാഹചര്യവും നേരിടാൻ ഗ്രാമങ്ങളിൽ അടക്കം ‘കോവിഡ്‌ കെയർ സെന്ററു’കൾ ആരംഭിക്കാൻ ആരോഗ്യവകുപ്പിന്‌ നിർദേശം നൽകിയത്‌. 

സാമൂഹ്യ വ്യാപനമുണ്ടായാൽ ആളുകളെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണിത്. യുദ്ധകാലാടിസ്ഥാനത്തിൽ  കെട്ടിടങ്ങൾ കണ്ടെത്തുന്നതിന്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും തദ്ദേശഭരണ ജനപ്രതിനിധികളുടെകൂടി  സഹായം തേടുകയായിരുന്നു.

കണ്ടെത്തിയതിൽ കൂടുതൽ പൊതു–-സ്വകാര്യമേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളും കെട്ടിടങ്ങളുമാണ്‌. 3906 എണ്ണംവരുമിത്‌. ഇതിൽ 464 എണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്‌. 8869 കിടക്കകൾക്കുള്ള സൗകര്യം ഈ വീടുകളിലും കെട്ടിടങ്ങളിലുമുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുൾപ്പെടെ 2326  ഹോസ്‌റ്റൽ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ 38622 കിടക്കയുണ്ട്‌. ഇതിൽ 807 ഹോസ്‌റ്റൽ പൊതുമേഖലയിലാണ്‌.  11,336 കിടക്കയുള്ള  843 ലോഡ്‌ജും 5216 കിടക്കയുള്ള ഒഴിഞ്ഞുകിടക്കുന്ന 132  ആശുപത്രിയും കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ 31 എണ്ണം പൊതുഉടമസ്ഥതയിലുള്ളതാണ്‌.

ഈ കെട്ടിടങ്ങളുടെ എണ്ണം ഇനിയും കൂടും. മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തങ്ങളുടെ കെട്ടിടം വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ച്‌ ആരോഗ്യ വകുപ്പിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top