24 April Wednesday

തിരുവനന്തപുരത്ത്‌ സദാചാര ഗുണ്ടാ ആക്രമണം; വെള്ളാണിക്കൽ പാറ കാണാനെത്തിയ വിദ്യാർഥികളെ മർദിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022

മംഗലപുരം > വേങ്ങോട് വെള്ളാണിക്കൽ പാറ സന്ദർശിക്കാനെത്തിയ വിദ്യാർഥിനികൾക്ക് നേരേ സദാചാര ആക്രമണം. വഴിയാത്രക്കാർ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ ഇക്കഴിഞ്ഞ 4 ന് നടന്ന സംഭവം നാടറിയുന്നത്‌. നാലിന്‌ വൈകിട്ട്‌ മൂന്നോടെയാണ്‌ സംഭവം.

പോത്തൻകോട് സ്‌കൂളിലെ വിദ്യാർഥികൾ സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു. ഇതിനു സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽപാറ കാണാൻ പോയപ്പോഴാണ്‌ മർദനമേറ്റത്‌. ശ്രീനാരായണപുരം കമ്പിളി വീട്ടിൽ കോണത്ത് വീട്ടിൽ മനീഷിന്റെ(സൈക്കിൾ ഉമ്പിടി) നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ ചോദ്യംചെയ്യുകയും മർദിക്കുകയുംചെയ്‌തത്‌. ഓടിച്ചിട്ട്‌ വടികൊണ്ട് കൈയിലും കാലിലും അടിക്കുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌.

മൂന്നു പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമാണ് മർദനമേറ്റത്. മർദിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെയും വഴിയാത്രക്കാരെയും മദ്യലഹരിയിലായിരുന്ന മനീഷും സംഘവും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് മനീഷിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നിസ്സാര വകുപ്പു പ്രകാരം കേസെടുത്ത്‌ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന പ്രദേശത്ത്‌ സാമൂഹ്യവിരുദ്ധ ശല്യം കൂടി വരികയാണെന്ന്‌ നാട്ടുകാർ പറഞ്ഞു. പൊലീസ് പട്രോളിങ്‌ ശക്തമാക്കണമെന്നും ആവശ്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top