08 December Friday
പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി

കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ മഴ തുടരും , ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

വനത്തിൽ ഉരുള്‍പൊട്ടി 
കാഞ്ഞിരപ്പുഴയുടെ 
കൈവഴികൾ നിറഞ്ഞ് 
പാലക്കാട് ജില്ലയിലെ 
പാലക്കയം
ടൗണിൽ മലവെള്ളം 
ഒഴുകിയെത്തിയപ്പോൾ


തിരുവനന്തപുരം
തിങ്കളോടെ രാജ്യത്തുനിന്ന്‌ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. അതേസമയം, സംസ്ഥാനത്ത്‌ അടുത്ത രണ്ടാഴ്‌ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തെക്കൻ കേരളത്തിലും മലയോരമേഖലകളിലുമാണ്‌ കൂടുതൽ മഴയ്‌ക്ക്‌ സാധ്യത.
ജാർഖണ്ഡിനു മുകളിലും തെക്കൻ തമിഴ്‌നാടിനു മുകളിലുമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണിത്‌. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി
ശക്തമായ മഴയെത്തുടർന്ന്‌ മലയോര മേഖലയായ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി. നോക്കിനിൽക്കേ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞത്‌ പരിഭ്രാന്തി പരത്തി. ആളപായമില്ല. പാലക്കയത്ത് ഇരുമ്പാമുട്ടിയിൽ ഒറ്റപ്പെട്ടുപോയ രണ്ട് കുടുംബത്തിലെ ആറുപേരെ അഗ്‌നിരക്ഷാസേനയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു. വെള്ളി വൈകിട്ടുണ്ടായ കനത്ത മഴയിൽ പാലക്കയം അങ്ങാടിയിലുൾപ്പെടെ വെള്ളം കയറി. വനമേഖലയോട്‌ ചേർന്നുള്ള കാർഷിക മേഖലയിൽ താമസക്കാരില്ലാത്തതിനാൽ ആളപായമുണ്ടായില്ല.

പാലക്കയം കാർമൽ സ്കൂൾ വെള്ളത്തിൽ മുങ്ങി. ശിരുവാണി റോഡിൽ താഴ്‌ന്ന സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും കനത്ത മഴയിലും മൈതാനം മാത്രമേ മുങ്ങാറുള്ളൂ. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലായതിനാൽ മുൻകരുതൽ സ്വീകരിക്കാൻ സ്‌കൂൾ അധികൃതർക്ക്‌ കഴിഞ്ഞില്ല. കടകളിലും വെള്ളം കയറി. റവന്യു, വനം അധികൃതരും അഗ്‌നിരക്ഷാസേനയും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. 

നെല്ലിപ്പുഴയും കുന്തിപ്പുഴയും തൂതപ്പുഴയും കവിഞ്ഞൊഴുകുകയാണ്‌. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ്‌ അതിവേഗം ഉയർന്നതോടെ മൂന്ന്‌ ഷട്ടർ 20 സെന്റിമീറ്റർ വീതം ഉയർത്തി. മലമ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന ജലസ്രോതസ്സുകളായ മൈലാടിപ്പുഴ, ചെറുപുഴ, ഒന്നാം പുഴയും കവിഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ധോണിയിലും മഴ ശക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top