19 April Friday

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തുള്ള ഏജന്‍സി അന്വേഷിക്കേണ്ടതില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കൊച്ചി> മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനെക്കുറിച്ച് പുറത്തുനിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തട്ടിപ്പിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

മോന്‍സണും പൊലിസുകാരും ഭീഷണിപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമുള്ള മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിതിന്റെ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തട്ടിപ്പില്‍ വിദേശ ബന്ധവും മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധവും കണക്കിലെടുത്ത് പൊലീസ് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

കേസന്വേഷണത്തിലേക്ക് സിബിഐ യെ വലിച്ചിഴക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം ആസൂത്രിതമാണന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കാന്‍ അനുമതി നല്‍കിയ അപ്പോള്‍ തന്നെ രംഗപ്രവേശനം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റിന്റെ അഭിഭാഷകന്‍ സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമേ തങ്ങള്‍ക്ക് അന്വേഷിക്കാനാവൂ എന്നും മറ്റ് കുറ്റങ്ങള്‍ സിബിഐയാണ് അന്വേഷിക്കേണ്ടതെന്നുമാണ് അറിയിച്ചത്.

 കേസുമായി ഒരു ബന്ധവുമില്ലാത്ത സിബിഐയെ അന്വേഷണത്തിലേക്ക് കൊണ്ടുവരാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ അമിതാവേശത്തെ ചെറുതായി കാണാനാവില്ല. സമീപകാലത്ത് ചില കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ നീക്കം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. സിബിഐ ആണ് അന്വേഷിക്കേണ്ടതെന്ന എന്‍ഫോഴ്‌സ്‌മെന്റ് വാദം അനാവശ്യമാണ്. പുറത്ത് നിന്നുള്ള ഏജന്‍സിയുടെ ഇടപെടല്‍ ഭരണഘടനാ ലംഘനമാണ്.വഞ്ചനയും തട്ടിപ്പുമാണ് മോന്‍സണെതിരെയുള്ള പരാതികള്‍. അന്വേഷണത്തെക്കുറിച്ച് പരാതിക്കാര്‍ ഇതുവരെ ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല.

മോന്‍സണിന്റെ തട്ടിപ്പിനെക്കുറിച്ച് പല കഥകളും പൊതുസമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്.തട്ടിപ്പില്‍ വിദേശ മലയാളി സംഘടനക്ക് പങ്കുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വിദേശബന്ധത്തെക്കുറിച്ച് കോടതിയുടെ മുന്നിലോ, പൊതു സമുഹത്തിന് മുന്നിലോ തെളിവൊന്നുമില്ല. പ്രചരിക്കുന്നതായ കാര്യങ്ങളില്‍ തുറന്ന കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളാണുള്ളത്. അതിന് തന്നെ തെളിവില്ല.

വസ്തുതാപരമല്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാന്‍  ഉത്തരവാദപ്പെട്ട എതിര്‍കക്ഷിയായ പൊലീസിന് കഴിയില്ല.ഹര്‍ജിയില്‍ പറയാത്തതിനപ്പുറമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രതികള്‍ക്ക് മാത്രമേ ഗുണം ചെയ്യു.  നിലവിലുള്ള അന്വേഷണത്തെയും അത് ബാധിക്കും.മോന്‍സണുമായി സിറ്റി  പൊലീസ് കമ്മീഷണര്‍ക്ക് മുകളിലുള്ള  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടന്ന് ഹര്‍ജിക്കാരന് പരാതിയില്ല. അന്വേഷണത്തില്‍ തെളിവും ലഭിച്ചിട്ടില്ല. അന്വേഷണത്തിനിടെ തെളിവുകളും വ്യക്തികളുടെ പങ്കാളിത്തവും ലഭിച്ചാല്‍
അക്കാര്യവും അന്വേഷിക്കും.

സിബിഐപോലെ  അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ് കേരള പൊലിസ് .കേസന്വേഷണത്തില്‍ കേരള  പൊലീസ് മികവ് തെളിയിച്ചിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ തെരഞ്ഞുപിടിച്ചുള്ള അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പൊലീസ് പീഡന ഹര്‍ജി തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top