20 April Saturday

‘മോൻസൻ മാവുങ്കലിനെ അറിയാം; വീട്ടില് പോയിട്ടുണ്ട്‌ ’: സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കെ സുധാകരനും മോൻസൺ മാവുങ്കലും

കണ്ണൂര്‍> പുരാവസ്‌തു തട്ടിപ്പിന്‌  ഇന്നലെ ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌  മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്നും അയാളുടെ അടുത്ത്‌ പോയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

‘‘ഡോക്‌ടർ മോൻസണെയാണ്‌ പരിചയം . ചികിത്സക്കായി അഞ്ചോ ആറോ തവണ അവിടെ പോയിട്ടുണ്ട്‌. അവിടെ പോയപ്പോൾ വീട്ടിലുള്ള പുരാവസ്‌തുക്കൾ കണ്ടിട്ടുണ്ട്‌. കോടികൾ വിലമതിക്കുന്നവയാണ്‌ എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. മോൻസണുമായി മറ്റ്‌ ബന്ധങ്ങളൊന്നുമില്ല. ഇപ്പോൾ  പ്രചരിക്കുന്ന പലതും  ആരോപണം മാത്രമാണ്‌’’. കെ സുധാകരൻ പറഞ്ഞു. അവിടെ ത്വക്കിന്‌ ചികിത്സിച്ചിട്ടുണ്ട്‌.   കോൺഗ്രസ്‌ പ്രവർത്തകനായ കൊച്ചിയിലെ എബിയാണ്‌  മോൻസനെ പരിചയപ്പെടുത്തിയതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.                                                        

മോൻസണെ കാണാൻ പോയിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ഈ  വ്യക്‌തി കറുത്തതോ വെളുത്തതോ എന്നറിയില്ല.  ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റായ ശേഷം പ്രവാസി സംഘടനയുടെ പേരിൽ ഓഫീസിലെത്തി മാലയിട്ടിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ സെക്രട്ടിയടക്കം നാലുതവണ വിളിച്ചിട്ടുണ്ടെന്ന്‌ മോൻസൺ പറഞ്ഞിരുന്നു. ഇതിന്‌ പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്‌.  മോൻസന്റെ വീട്ടിൽ ഒരിക്കലും താമസിച്ചിട്ടില്ല. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാൻ  മോൻസനെ സഹായിച്ചുവെന്ന പരാതി  പച്ച കള്ളമാണ്‌. പരാതിയിൽ പറയുന്ന സമയത്ത്‌ ഞാൻ എംപിയായിരുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

വി എം സുധീരൻ എഐസിസി അംഗത്വം രാജിവെച്ചത്‌ സംബന്ധിച്ചും മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായപ്രകടത്തിനും പ്രതികരിക്കാൻ സുധാകരൻ വിസമ്മതിച്ചു.

ഫെമ തടഞ്ഞുവെച്ച 25 ലക്ഷം രൂപ സുധാകരൻ ഇടപെട്ടാണ്‌ മോൻസണ്‌ വാങ്ങി നൽകിയെന്നാണ്‌ പരാതിക്കാർ ആരോപിച്ചിട്ടുള്ളത്‌. പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്ന്‌ പറഞ്ഞ്‌ 10 കോടി രൂപയാണ്‌  മോൻസൺ പലരിൽനിന്നുമായി തട്ടിച്ചിട്ടുള്ളത്‌.
                                                                                        
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top