20 April Saturday

പുരാവസ്‌തു വിൽപ്പന; തട്ടിപ്പിന്‌ പബ്ലിസിറ്റിയായി യുട്യൂബർമാരും

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021

കൊച്ചി > വിശാലമായ പുരാവസ്‌തുശേഖരവും മറ്റും കൈവശമുണ്ടെന്ന്‌ പുറംലോകത്തെ അറിയിക്കാൻ മോൻസൺ മാവുങ്കൽ ഉപയോഗിച്ചത് യുട്യൂബർമാരെ. പുരാതനമെന്നും വർഷങ്ങൾ പഴക്കമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന സാധനങ്ങൾ എല്ലാവർക്കും കാണാനും കൈയിൽ എടുക്കാനും കഴിയുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഇത് പല യുട്യൂബർമാരെയും ആകർഷിക്കുകയും അവർ ചാനലുകൾവഴി പുറംലോകത്ത്‌ എത്തിക്കുകയും ചെയ്‌തു.

അൽഫോൺസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണീസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽനിന്നെടുത്ത മണ്ണിലുണ്ടാക്കിയ കുരിശിനുള്ളിൽ നിർമിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണംകൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ ശേഖരത്തിലുണ്ടെന്ന് വിശ്വസിപ്പിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്‌തു.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ്സ്‌ സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി  പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top