20 April Saturday

മോൻസണിന്റെ കാറുകൾ കണ്ടം ചെയ്യാറായവ

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021


കൊച്ചി
പുരാവസ്‌തു തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിലുള്ളത്‌ റോഡിലിറക്കാൻ കഴിയാത്ത ‘ആഡംബര’ കാറുകളാണെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌. കാലാവധി തീരാറായതും എൻജിൻ നിലച്ചതുമായ എട്ട്‌ കാറുകളാണ്‌ ഉദ്യോഗസ്ഥർ പരിശോധിച്ചത്‌. ഇടപാടുകാരെ കബളിപ്പിക്കാൻ മോൻസൺ ഇവ വീട്ടിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ്‌ കണ്ടെത്തൽ.

പോർഷെ, ടൊയോട്ട, ഫെരാരി, ഡോഡ്‌ജ്‌, ലംബോർഗിനി, ലാൻഡ്‌ ക്രൂയിസർ, റേഞ്ച്‌ റോവർ തുടങ്ങിയ കാറുകളാണെങ്കിലും ഇവ കണ്ടം ചെയ്യാറായി.  ഉപയോഗിക്കാനാകാതായതോടെ മിക്കവയും രൂപം മാറ്റി. പലതിനും യഥാർഥ രേഖകളുമില്ല. മൂന്ന്‌ വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്‌ട്ര, ഹരിയാന, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ മോട്ടോർ വാഹനവകുപ്പിന്‌ കത്ത്‌ നൽകി. മറുപടി ലഭിച്ചശേഷമാകും തുടർനടപടി. വാഹന വിൽപ്പനക്കാരിൽനിന്നാണ്‌ കാറുകൾ വാങ്ങിയത്‌. രണ്ടെണ്ണത്തിന്റെ എൻജിൻ തകർന്നതാണ്‌. മിക്കതിന്റേയും ടയർ തേഞ്ഞുതീർന്നു. കാറുകൾ പ്രത്യേകം പൂട്ടിട്ടാണ്‌ സൂക്ഷിച്ചിരുന്നത്‌.

മോൻസണിനെതിരെ ഒരു കേസ്‌ കൂടി
പുരാവസ്തു തട്ടിപ്പ്‌ നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ്‌ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. എളമക്കരയിൽ താമസിക്കുന്ന പുരാവസ്തുവ്യാപാരി കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ്. ശിൽപ്പങ്ങൾ വാങ്ങിയതിൽ മൂന്നുകോടി രൂപ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ഇതോടെ മോൻസണിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അഞ്ചായി.

വസ്തുക്കളിലേറെയും സന്തോഷ് നൽകിയതാണ്‌. എന്നാൽ, പണം ലഭിച്ചില്ല. പുരാവസ്തു വിറ്റവകയിൽ എച്ച്എസ്ബിസി അക്കൗണ്ടിൽ വന്ന കോടിക്കണക്കിന് രൂപ ആർബിഐ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഭിച്ചാൽ പണം നൽകാമെന്നുമാണ്‌ മോൻസൺ അറിയിച്ചതെന്ന്‌ പരാതിയിൽ പറയുന്നു.

സന്തോഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മോൻസണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്‌പിയുടെ മേൽനോട്ടത്തിലും ചോദ്യം ചെയ്തു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ മൊഴി നൽകി. തട്ടിപ്പുകേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം തെളിവുശേഖരണം ആരംഭിച്ചു. ശില്‍പ്പമുണ്ടാക്കി നല്‍കിയ സുരേഷ്‌ എന്നയാളെ കബളിപ്പിച്ച കേസില്‍ മോന്‍സണിനെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തി.

തൃശൂരിലെ വ്യവസായി ഹനീഷ് ജോർജ് ഒല്ലൂർ പൊലീസിൽ മോൻസണിനെതിരെ പരാതി നൽകിയിട്ടുണ്ട്. 17 ലക്ഷം രൂപ കടം വാങ്ങിയശേഷം തിരിച്ചുനൽകിയില്ലെന്ന് കാണിച്ചാണ് പരാതി. മോൻസണിന്റെ വിദേശബന്ധവും ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കാൻ അന്വേഷകസംഘം തീരുമാനിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top