24 April Wednesday

മണി ചെയിൻ തട്ടിപ്പ്: സംഘത്തലവനും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

മലപ്പുറം > മണിചെയിൻ മോഡലിൽ കേരളം, തമിഴ്‌നാട്‌, ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ അമ്പത്‌ കോടിയോളം രൂപ തട്ടിയ കേസിൽ സംഘത്തലവൻ പിടിയിൽ. പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. പൊലീസ്‌ അന്വേഷണം നടക്കുന്നതറിഞ്ഞ്‌ ഒളിവിൽകഴിയുകയായിരുന്ന ഇയാളെ കോഴിക്കോട് ഫ്ലാറ്റിൽനിന്നാണ്‌ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. ഇയാളുടെ കൂട്ടാളി തൃശൂർ സ്വദേശി ഈട്ടോളി ബാബുവിനെ ചൊവ്വാഴ്‌ച അറസ്‌റ്റുചെയ്‌തിരുന്നു. ഇയാൾ റിമാൻഡിലാണ്‌.

11,250 രൂപ അടച്ചാൽ രണ്ടുവർഷം കൊണ്ട്‌ ലക്ഷങ്ങൾ

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പുസംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. ഇദ്ദേഹത്തിൽനിന്ന്‌ 23 ലക്ഷത്തോളം രൂപയാണ്‌ തട്ടിയെടുത്തത്‌. 2020 ഒക്‌ടോബർ 15ന്‌ ആണ്‌ രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ആർ വൺ ഇൻഫോ ട്രേഡ്‌ പ്രൈവറ്റ്‌ എന്ന സ്ഥാപനം തുടങ്ങിയത്‌. മൾട്ടിലെവൽ ബിസിനസ്‌ നടത്തുന്ന ചിലരെയും കൂടെകൂട്ടി. എല്ലാ ജില്ലകളിലും നല്ല ശംബളം നൽകി എക്‌സിക്യൂട്ടീവുമാരെ നിയമിച്ചു.11250 രൂപ അടച്ചുചേരുന്ന ഒരാൾക്ക് ആറുമാസം കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ 10 തവണയായി 2.70 ലക്ഷം രൂപ, ആർപി ബോണസ്‌ ആയി 81 ലക്ഷം, റഫറൽ കമീഷനായി 20 ശതമാനവും ലഭിക്കും എന്നായിരുന്നു വാഗ്‌ദാനം. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും.  100 പേരെ ചേർത്താൽ ഉയർന്ന വേതനത്തോടെ സ്ഥിരം ജീവനക്കാരനാക്കും.

കുടുങ്ങിയത്‌ 35000 പേർ

കമ്പനിയുടെ മോഹന വാഗ്‌ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരുമുൾപെടെ മുപ്പത്തിയയ്യായിരത്തിലേറെ പേർ ചേർന്നു. പലർക്കുo കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പൊലീസിൽ പരാതി എത്തിയത്‌. പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണംചെയ്തും ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചുമായിരുന്നു സംഘത്തിന്റെ തട്ടിപ്പ്‌.  നിക്ഷേപകരിൽനിന്ന്‌ വാങ്ങിയ പണം ഉപയോഗിച്ച്‌ ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വാങ്ങിയതായാണ്‌ വിവരം. ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

രേഖകളും ലാപ്‌ടോപ്പും പിടിയിൽ

സംഘത്തിന്റെ തലവൻ രതീഷ്‌ ചന്ദ്ര സമാനമായ കേസിൽ നേരത്തെ പിടിയിലായിരുന്നതായാണ്‌ സൂചന. കോഴിക്കോട് ടൗണിൽ വൻ തുക നൽകി അഞ്ചിലേറെ ഫ്ലാറ്റുകൾ വാടകയ്‌ക്ക് എടുത്താണ് ഇയാൾ കഴിഞ്ഞിരുന്നത്‌. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌ ഉപകരണങ്ങൾ, രേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന്‌ പൊലീസ്‌ പറഞ്ഞു.  കൊണ്ടോട്ടി ഡിവൈഎസ്‌പി അഷ്‌റഫിന്റെ നേതൃത്വത്തിൽ ഇൻസ്പക്ടർ മനോജ്, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ, പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top