തിരുവനന്തപുരം > തിരുവനന്തപുരത്തെ മോഹൻ സൗണ്ട്സിന്റെ ഉടമ ദാമോദരൻ നായർ (ദാമു, 86) അന്തരിച്ചു. 70 വർഷത്തിലേറെയായി തിരുവനന്തപുരത്തെ വിവിധ പരിപാടികൾക്ക് "ശബ്‌ദവും വെളിച്ചവും' നൽകിയ ദാമു രാഷ്‌ട്രീയ പാർട്ടി നേതാക്കൾക്ക് സുപരിചിതനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും, മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫിന്റെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിലും ലൈറ്റും സൗണ്ടും ക്രമപ്പെടുത്തിയത് ദാമുവായിരുന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയാണ് മരണവാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കണമെങ്കിൽ ദാമുവിന്റെ മൈക്ക് സെറ്റ് വേണമെന്ന് നിർബന്ധം പിടിച്ചിരുന്നവർ നിരവധിയാണ്. 1951ലാണ് അട്ടക്കുളങ്ങരയിൽ സുകുമാരൻ നായർ മോഹൻ സൗണ്ട്‌സ് ആരംഭിച്ചത്. 1983ൽ അദ്ദേഹം മരിച്ചതോടെ സ്ഥാപനത്തിന്റെ ചുമതല അനുജൻ ദാമോദരൻ നായരെന്ന നാട്ടുകാരുടെ ദാമു ഏറ്റെടുത്തു. സ്ഥാനാർഥികളുടെ ഗുണഗണങ്ങളും ചിഹ്നവും പുരോഗതിയും വീഴ്‌ചകളും താഴ്‌ചകളും മോഹൻ സൗണ്ട്‌സിന്റെ മൈക്കും സ്‌പീക്കറും നാടിനെ കേൾപ്പിച്ചു.
കാളവണ്ടി, കൈവണ്ടി കാലഘട്ടംമുതലുള്ള പ്രചാരണരീതികൾ ദാമു അണ്ണൻ കണ്ടതാണ്. സിപിഐ എമ്മിന്റെ സ്ഥാനാർഥികൾക്കും പരിപാടികൾക്കുമാണ് കൂടുതൽ സഹകരിച്ചിരുന്നത്. എ കെ ജി, നായനാർ, ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കളുമൊത്ത് ചെലവിട്ട നിമിഷങ്ങളും മുൻപ് "ദേശാഭിമാനി' യോട് ദാമു പങ്കുവച്ചിരുന്നു. പ്രിയ നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളും കടയിൽ സൂക്ഷിച്ചിട്ടുണ്ട്.
നായനാരോടാണ് ഇഷ്‌ടക്കൂടുതൽ... ‘മറ്റു പാർടിക്കാർക്കുവേണ്ടിയും ജോലിയെടുക്കാറുണ്ടെങ്കിലും നമ്മുടെ പാർടി കഴിഞ്ഞേ ഉള്ളൂ.
പക്ഷേ, പ്രചാരണത്തിനൊന്നും പണ്ടത്തെയത്ര ബഹളം ഇപ്പോഴില്ല’. സാമൂഹ്യമാധ്യമങ്ങളിലെ പോരുകളെക്കുറിച്ച് അത്ര പരിചയമില്ലാത്ത ദാമു 2020 ൽ "ദേശാഭിമാനി' യോട് വിശേഷങ്ങൾ പങ്കുവച്ച കൂട്ടത്തിൽ പറയുന്നു.
സർവീസ് സംഘടനകളുടെ പരിപാടികൾ, ഉത്സവങ്ങൾ, കല്യാണം, ആറ്റുകാൽ പൊങ്കാല തുടങ്ങി ജില്ലയിലെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു അന്നും ഇന്നും മോഹൻ സൗണ്ട്‌സ്.
കടകംപള്ളി സുരേന്ദ്രൻ പങ്കുവച്ച കുറിപ്പ്:
തിരുവനന്തപുരത്തെ മോഹൻ സൗണ്ട്സിന്റെ ഉടമ ദാമോദരൻ നായർ എന്ന ഞങ്ങളുടെ ദാമു ഇന്ന് അന്തരിച്ചു. 86 വയസ് പ്രായമുണ്ടായിരുന്നു ദാമുവിന്. പക്ഷെ 86 ആം വയസിലും ദാമു കർമനിരതൻ ആയിരുന്നു.ഏതാനം മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫിന്റെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിലും ലൈറ്റും സൗണ്ടും ക്രമപ്പെടുത്താനായി ഓടി നടക്കുന്ന ദാമുവിനെയാണ് കാണാൻ സാധിച്ചത്.
45 വർഷത്തിലധികം നീണ്ട ബന്ധമാണ് ദാമുവുമായി. കെഎസ്‌വൈഎഫ് - ന്റെ താലൂക്ക് കമ്മിറ്റി ഭാരവാഹിയായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുന്ന വേളയിലാണ് മൈക്ക് ഓപ്പറേറ്ററായ ദാമുവുമായി ബന്ധം തുടങ്ങുന്നത്. പിന്നീടതൊരു ആത്മബന്ധമായി വളർന്നു. തിരുവനന്തപുരത്തെ സിപിഐഎമ്മിന്റെ എല്ലാ പരിപാടികൾക്കും, പാർട്ടി കോൺഗ്രസ്, സംസ്ഥാന സമ്മേളനം, നവകേരളയാത്ര തുടങ്ങി ഏത് പരിപാടി ആയാലും ശബ്ദവും വെളിച്ചവും നൽകുന്നത് ദാമു ആയിരുന്നു. ദാമുവിനോട് "ഒരു യോഗമുണ്ട്, ഇത്രപേർ പങ്കെടുക്കും" എന്ന് പറഞ്ഞാൽ മാത്രം മതി. ബാക്കി ദാമു നോക്കിക്കോളും. പറ്റുമെങ്കിൽ സ്റ്റേജ് കെട്ടാൻ തിലകൻ കോൺട്രാക്ടറെയും കൂട്ടിയാവും ദാമു വരിക.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഉത്സമായിട്ടുള്ള ആറ്റുകാൽ പൊങ്കാലയ്ക്ക് ശബ്ദ-വെളിച്ചവിതാനം ഒരുക്കുന്നതും ദാമുവാണ്. സത്യസന്ധതയും ആത്മാർത്ഥതയുമായിരുന്നു ദാമുവിന്റെ മുഖമുദ്ര. ഇത്രയും വലിയ ഒരു ലൈറ്റ് & സൗണ്ട് സ്ഥാപനത്തിന്റെ ഉടമയാണ് ദാമു എന്ന് കണ്ടാൽ പറയുകയേ ഇല്ല. സ്ഥാപനത്തിലെ തൊഴിലാളികൾക്കൊപ്പം ഓടി നടക്കുന്ന, പണിയെടുക്കുന്ന ദാമുവിനെയാണ് നമുക്ക് കാണാൻ കഴിയുക. മുഷിഞ്ഞ വസ്ത്രവും ചെരുപ്പിടാതെ കാലുമായി സംഘാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ഓട്ടത്തിലായിരിക്കും ദാമു എപ്പോഴും.
ദാമുവിനെ കാണുമ്പോൾ എല്ലാം മനസിലേക്ക് വരുന്ന ചിന്ത ദാമു എപ്പോഴാണ് ഉറങ്ങുക എന്നാണ്. രാത്രി മുഴുവൻ പിറ്റേ ദിവസത്തെ പരിപാടിക്കായി ഏതെങ്കിലും മൈതാനത്തിലോ ഉത്സവപ്പറമ്പിലോ ആവും. പകൽ സമയം സ്ഥാപനത്തിലും ഉണ്ടാവും. കാശിന് വേണ്ടി കലഹിക്കുന്ന ദാമുവിനെ ഒരിടത്തും കാണാൻ കഴിയില്ല. ചിരിച്ചുകൊണ്ടാണ് പ്രതിഫലം ചോദിക്കുക. ചോദിക്കുമ്പോൾ തന്നെ കൊടുക്കണം എന്ന നിർബന്ധവും ദാമുവിന് ഇല്ല. പിന്നീട് കൊടുത്താൽ മതി. എവിടെ വെച്ച് കണ്ടാലും സ്നേഹത്തോടെ ഓടിയെത്തുന്ന, നമ്മുടെ ജീവിതത്തിൽ നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു തൊഴിലാളിയും തൊഴിലാളി ആയിട്ടുള്ള ഉടമയും ആയിരുന്നു ദാമു. ദാമുവിന്റെ മക്കളും ഈ രംഗത്ത് വളരെ പ്രഗത്ഭരാണ്. ദാമുവിന്റെ വിയോഗം വളരെ ദുഖകരമാണ്. ഇനി ആരോട് "അത് ചെയ്, ഇത് ചെയ്" എന്നെല്ലാം ഓർക്കുമ്പോൾ വലിയ ശൂന്യതയാണ് തോന്നുന്നത്.
പ്രിയപ്പെട്ട ദാമുവിന് ആദരാഞ്ജലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..