24 April Wednesday

മൊഫിയയോട്‌ സുഹൈൽ ആവശ്യപ്പെട്ടത്‌ 40 ലക്ഷം; മാനസികരോഗിയെന്ന്‌ മുദ്രകുത്തി

സ്വന്തം ലേഖകൻUpdated: Friday Nov 26, 2021

കൊച്ചി > നിയമവിദ്യാർഥിനി മൊഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടതായി റിമാൻഡ്‌ റിപ്പോർട്ട്‌. സ്ത്രീധനമായി സ്വർണം വേണമെന്ന്‌ ഭർത്താവ്‌ മുഹമ്മദ്‌ സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടു. സുഹൈലിന്‌ ജോലിയില്ലാത്തതിനാൽ കച്ചവടം തുടങ്ങാൻ 40 ലക്ഷം രൂപ വീട്ടുകാരിൽനിന്ന്‌ വാങ്ങാൻ മൊഫിയയെ നിർബന്ധിച്ചു. ഇതിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. സഹിക്കാൻ വയ്യാതായപ്പോഴാണ്‌ മൊഫിയ സ്വന്തംവീട്ടിലേക്കു തിരിച്ചുപോന്നത്‌.

പിന്നീട്‌ ഒന്നാംതലാഖ്‌  ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി കാണിച്ച്‌ സുഹൈൽ പള്ളിയിൽ കത്തുനൽകി. മൊഫിയയുടെ വീട്ടിലേക്കും കത്തയച്ചു. മൊഫിയയ്ക്ക്‌ മാനസിക പ്രശ്നമാണെന്നും ഇതുമറച്ചുവച്ചാണ്‌ കല്യാണം നടത്തിയതെന്നും പള്ളിയിൽ നൽകിയ കത്തിൽ പറഞ്ഞു. ബന്ധം വേർപെടുത്തണമെന്നും അതിൽ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

ഭർതൃവീട്ടിലെ ജീവിതം അടിമയെപ്പോലെ

ഭർത്താവും ഭർതൃവീട്ടുകാരും അടിമയെപ്പോലെയാണ് പെരുമാറിയതെന്ന്‌ മൊഫിയ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണ്. അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിച്ചു. സ്വകാര്യഭാഗങ്ങളിൽ പച്ചകുത്തണമെന്ന്‌ ആവശ്യപ്പെട്ടു. പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഉമ്മ റുഖിയയും സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മാനസികരോഗിയായി ഭർതൃവീട്ടുകാർ മുദ്രകുത്തി.

താൻ യുട്യൂബർ ആകുമെന്നും സിനിമയിൽ തിരക്കഥ എഴുതി ജീവിക്കുമെന്നും പറഞ്ഞിരുന്ന സുഹൈൽ പിന്നീട്‌ കച്ചവടം തുടങ്ങാൻ 40 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാതായപ്പോൾ പീഡനം തുടർന്നെന്നും പരാതിയിലുണ്ട്‌. പീഡനവിവരം മൊഫിയ സഹപാഠികളോട്‌ പറഞ്ഞിരുന്നു. മകൾ ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top