26 April Friday
5000 രൂപ വീതം 36 മാസമാണ്‌ നൽകുക ,പെൻഷനുകൾ ലഭിക്കുന്നത് അയോഗ്യതയല്ല

കോവിഡ്‌ മരണം : സമാശ്വാസ സഹായത്തിന്‌ ആപ് ; മേൽനോട്ടം കലക്ടർമാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


തിരുവനന്തപുരം
കോവിഡിന്‌ ഇരയായവരുടെ കുടുംബങ്ങൾക്ക്‌ പ്രതിമാസം 5000 രൂപ നൽകുന്ന സമാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാൻ മൊബൈൽ ആപ്‌ വരുന്നു. റവന്യൂ വകുപ്പാണ്‌ തയ്യാറാക്കുന്നത്‌. മേൽനോട്ടം കലക്ടർമാർക്ക്‌. ആവശ്യമെങ്കിൽ വില്ലേജ് ഓഫീസർമാർ അപേക്ഷകരുടെ അടുത്തെത്തി പരിശോധിക്കണം. തിങ്കളാഴ്‌ച ഉത്തരവിറങ്ങും. പദ്ധതിക്കാവശ്യമായ പണം ബജറ്റിൽനിന്ന്‌ കണ്ടെത്താൻ ഈ നിയമസഭാ സമ്മേളനത്തിൽത്തന്നെ അനുമതി തേടും.  

കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്‌ കോവിഡ് ഇരകളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമെ സമാശ്വാസ സഹായം പ്രഖ്യാപിച്ചത്‌. അപേക്ഷ ലളിതമാക്കാൻ ഒറ്റ ഷീറ്റുള്ള ഫോറമാണ്‌ തയ്യാറാക്കുക. ഓൺലൈൻ അപേക്ഷയിലും ഇതേമാർഗമാകും.
തുടക്കത്തിൽ സിഎംഡിആർഎഫിൽനിന്ന്‌ ആവശ്യമായ തുക നൽകും. നിയമസഭയുടെ അനുമതി ലഭിച്ചാൽ സർക്കാർ ഫണ്ട്‌  ഉപയോഗിക്കും.

മരിച്ചയാളെ ആശ്രയിച്ചിരുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നതെന്ന്‌ ഉറപ്പാക്കും. എപിഎൽ കുടുംബത്തിലുള്ളയാളാണ്‌ മരിച്ചതെങ്കിൽ ആ വ്യക്തിയുടെ വരുമാനത്തിന്റെ അഭാവത്തിൽ ബിപിഎൽ ആകുമെങ്കിൽ സഹായം നൽകും. ആശ്രിതർക്ക് വിവിധ പെൻഷനുകൾ ലഭ്യമാകുന്നത് അയോഗ്യതയാകില്ല. വ്യക്തി എവിടെ മരിച്ചാലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം നൽകും.  

ബിപിഎൽ കാർഡിലെ അവ്യക്തത ഒഴിവാക്കാനായി ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷിച്ച്‌ 30 ദിവസത്തിനകം ആശ്രിതരുടെ അക്കൗണ്ടിലേക്ക്‌ പണം നൽകിത്തുടങ്ങും. 5000 രൂപ വീതം 36 മാസമാണ്‌ നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top