27 April Saturday

മുനീറിന്റെ ‘ഒറ്റത്തന്ത’ *പ്രയോഗത്തിൽ പകച്ച്‌ ലീഗ്‌

റഷീദ്‌ ആനപ്പുറംUpdated: Sunday Oct 2, 2022

മലപ്പുറം
പോപ്പുലർ ഫ്രണ്ട്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ ഡോ. എം കെ മുനീറിന്റെ ‘ഒറ്റത്തന്ത’ പ്രയോഗത്തിൽ പകച്ച്‌ മുസ്‌ലിം ലീഗ്‌ നേതൃത്വം. പിതാവുകൂടിയായ സി എച്ച്‌ മുഹമ്മദ്‌ കോയയെ അനുസ്‌മരിക്കുന്ന വേദിയിലാണ്‌ എം കെ മുനീർ ആഞ്ഞടിച്ചത്‌. നിരോധനത്തെ സ്വാഗതംചെയ്‌ത മുനീറിനെ പരസ്യമായി തിരുത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പെടെയുള്ളവരെ ഇരുത്തിയാണ്‌ നിലപാട്‌ മാറില്ലെന്ന്‌ തരത്തിൽ  ‘തനിക്ക്‌ ഒറ്റ തന്ത മാത്രമേയുള്ളൂവെന്ന്’ പറഞ്ഞത്‌. ഇതോടെ പാർടിയിൽ രൂക്ഷമായ തമ്മിലടി പുതിയ തലത്തിലെത്തി.

സമൂഹമാധ്യമങ്ങളിൽ മുനീറിനെ പിന്തുണച്ചും സലാം ഉൾപ്പെടെയുള്ള ഔദ്യോഗിക പക്ഷത്തെ വിമർശിച്ചും നിരവധിപേർ രംഗത്തുവന്നു.
ലീഗ്‌ പ്രവർത്തകരുടെ വികാരമാണ്‌ സി എച്ച്‌ മുഹമ്മദ്‌ കോയ. അദ്ദേഹത്തിന്റെ അനുസ്‌മരണ വേദിയിൽത്തന്നെ മുനീർ നടത്തിയ പരാമർശം വ്യക്തമായ ലക്ഷ്യത്തോടെയാണ്‌. പല വിഷയങ്ങളിലും മുനീറിന്റെ നിലപാട്‌ ലീഗിനെ വെട്ടിലാക്കുന്നതാണ്‌. ഏറ്റവുമൊടുവിൽ കെ എം ഷാജിയെ പിന്തുണച്ച്‌ രംഗത്തുവന്നു. അണികൾക്കിടയിലെ സ്വാധീനവും സി എച്ചിന്റെ മകനെന്നതും മുനീറിന്‌ പലപ്പോഴും രക്ഷയായിരുന്നു. വിമതശബ്ദം അടിച്ചമർത്താനായി അച്ചടക്കസമിതി വരുന്നത്‌ ഷാജി, മുനീർ ഉൾപ്പെടെയുള്ളവരുടെ ചിറകരിയാനാണെന്ന്‌ ഒരുവിഭാഗം കരുതുന്നു. നേതൃയോഗത്തിൽ അഭിപ്രായം പറഞ്ഞതിന്‌ സംസ്ഥാന സെക്രട്ടറി കെ എസ്‌ ഹംസക്കെതിരെ വിശദീകരണംപോലും തേടാതെ നടപടി എടുത്തിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ്‌ മുനീറിന്റെ പുതിയ നീക്കം.

    അടിയ്ക്കടി അഭിപ്രായം മാറ്റുന്നവനല്ല താനെന്ന മുനീറിന്റെ  പരാമർശവും പി എം എ സലാമിനെ ഉന്നംവച്ചാണ്‌. വഖഫ്‌ ബോർഡ്‌ നിയമന വിഷയത്തിലടക്കം സലാം സ്വന്തം പ്രസ്‌താവന ഒന്നിലേറെ തവണ വിഴുങ്ങിയിരുന്നു. പോപ്പുലർ ഫ്രണ്ട്‌ വിഷയത്തിൽ ലീഗ്‌ നേരത്തെ  നിലപാട്‌ വ്യക്തമാക്കിയതാണ്‌. അതിന്‌ വിരുദ്ധമാണ്‌ സലാമിന്റെ പ്രസ്‌താവന. സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ അഭിപ്രായത്തിന്‌ വിരുദ്ധവുമാണിത്‌. അടുത്ത തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട്‌ വോട്ടുതട്ടാൻ മുൻകൂട്ടിയുള്ള അടവാണിതെന്നാണ് അണികൾ പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top