25 September Monday

രണ്ട്‌ വധശിക്ഷയിൽ 
ലഘൂകരണ അന്വേഷണം ; ഹൈക്കോടതി ഉത്തരവ്‌ സംസ്ഥാനത്ത്‌ ആദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


കൊച്ചി
പെരുമ്പാവൂർ ജിഷ വധക്കേസ്‌, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്‌ പ്രതികളുടെ വധശിക്ഷ ഇളവു ചെയ്യേണ്ടതുണ്ടോയെന്ന്‌ പരിശോധിക്കാൻ  മിറ്റിഗേഷൻ ഇൻവെസ്‌റ്റിഗേഷൻ (ശിക്ഷാ ലഘൂകരണ അന്വേഷണം) നടത്താൻ ഉത്തരവിട്ട്‌ ഹൈക്കോടതി. സംസ്ഥാനത്ത്‌ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു ഉത്തരവ്‌. ജസ്‌റ്റിസുമാരായ അലക്‌സാണ്ടർ തോമസ്‌, സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌.

കുറ്റകൃത്യത്തിനുശേഷവും മുമ്പുമുള്ള പ്രതികളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളും മാനസികനിലയും കുട്ടിക്കാലംമുതൽ നേരിട്ടിട്ടുള്ള പീഡനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചു. ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രോജക്ട്‌ 39 എന്ന വിദഗ്‌ധസമിതിയെ അന്വേഷണത്തിന്‌ നിയോഗിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലേ വധശിക്ഷ നൽകാവൂവെന്നും പ്രതികളുടെ മറ്റ്‌ പശ്‌ചാത്തലവും പരിശോധിക്കണമെന്നുമുള്ള സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ്‌ ഉത്തരവ്‌.  

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യുവും പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അസംകാരൻ അമീറുൾ ഇസ്ലാമും വധശിക്ഷയ്‌ക്കെതിരെ നൽകിയ അപ്പീലും ശിക്ഷ നടപ്പാക്കണമെന്ന സർക്കാർ റഫറൻസും ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. വധശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ തെളിവുകളോടൊപ്പം ഒഴിവാക്കാൻ ആവശ്യമായ തെളിവുകളും കോടതിയുടെ മുന്നിൽ വരണം. അതിനാൽ രണ്ട്‌ കേസിന്റെയും അപ്പീൽ പരിഗണിക്കുന്ന ഘട്ടത്തിൽത്തന്നെ മിറ്റിഗേഷൻ ഇൻവെസ്‌റ്റിഗേഷൻ നടത്താമെന്നും അപ്പീലിൽ തീരുമാനമെടുത്തശേഷമേ റിപ്പോർട്ട്‌ പരിഗണിക്കാവൂവെന്നും കോടതി നിർദേശിച്ചു. അതുവരെ റിപ്പോർട്ട്‌ രജിസ്‌ട്രി രഹസ്യമായി സൂക്ഷിക്കണം. 

രണ്ട്‌ കേസിലെയും പ്രതികളുടെ മാനസികനിലയെക്കുറിച്ച്‌  മാനസികാരോഗ്യവിദഗ്‌ധനും സ്വഭാവത്തെക്കുറിച്ച്‌  ജയിൽവകുപ്പും  പ്രൊബേഷൻ ഓഫീസറും റിപ്പോർട്ട്‌ നൽകണമെന്നും കോടതി നിർദേശിച്ചു. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം 2014ലും ജിഷവധം 2016ലുമാണ് നടന്നത്. അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌, സ്‌പെഷ്യൽ ഗവ. പ്ലീഡർ ടി ബി ഹൂദ്‌ എന്നിവർ സർക്കാരിനുവേണ്ടി ഹാജരായി.

നിനോ മാത്യു നടുക്കുന്ന ഓർമ
അനുശാന്തി എന്ന കാമുകിയുമൊത്ത്‌ ജീവിക്കാൻ അവരുടെ പിഞ്ചുകുഞ്ഞിനെയും ഭർതൃമാതാവിനെയും മൃഗീയമായിക്കൊന്ന നിനോ മാത്യു നാട്ടുകാരുടെ മനസ്സിൽ ഭയംവിതയ്‌ക്കുന്ന ഓർമയാണ്‌. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ്‌ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി ഷെർസി വിധിച്ചത്‌. കേസ് അപൂർവങ്ങളിൽ അപൂർവമാണ് എന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

ടെക്‌നോപാർക്ക് ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. 2014 ഏപ്രിൽ പതിനാറിനാണ്‌ നാലുവയസ്സുള്ള മകൾ സ്വാസ്‌തികയെയും  ഭർതൃമാതാവ്‌ ഓമനയെയും (57) നിനോ മാത്യു വെട്ടിക്കൊന്നത്. അനുശാന്തിയുടെ ഭർത്താവും കെഎസ്ഇബി ജീവനക്കാരനുമായ ലിജീഷിനെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

നോവായി ഇന്നും 
ജിഷയുടെ കൊലപാതകം
എറണാകുളം ലോ കോളേജിലെ  നിയമവിദ്യാർഥിനിയായിരുന്ന ജിഷ ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമ. 2016 ഏപ്രിൽ 28ന്‌ പെരുമ്പാവൂർ കുറുപ്പംപടിയിലുള്ള ഇരിങ്ങോൾ ഇരവിച്ചിറകനാൽ പുറമ്പോക്കിലെ  വീട്ടിലാണ്‌ ജിഷ കൊല്ലപ്പെട്ടത്‌. രാത്രി എട്ടരയോടെ  ജിഷയുടെ അമ്മ രാജേശ്വരിയാണ്‌  മൃതദേഹം കണ്ടത്‌. ജിഷയും അമ്മയുംമാത്രമാണ്‌ വീട്ടിൽ താമസിച്ചിരുന്നത്‌. ജിഷ ലൈംഗിക പീഡനത്തിന്‌ ഇരയായതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. വീടിനോടുചേർന്നുള്ള വൈദ്യുതിത്തൂണിൽനിന്ന്‌ അജ്ഞാതന്റെ ചെരിപ്പ്‌ കണ്ടെത്തിയത്‌ വഴിത്തിരിവായി. 

അസംകാരൻ അമീറുൾ ഇസ്ലാമാണ്‌ ചെരിപ്പിന്റെ ഉടമയെന്ന്‌ കണ്ടെത്തിയ പൊലീസ്‌, ഇയാളെ തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തുനിന്ന് പിടികൂടി. 2016 സെപ്‌തംബർ 17ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗത്തിന്‌ ശ്രമിച്ച പ്രതി, ജിഷ ചെറുത്തതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. പ്രതിക്ക് ലൈംഗികവൈകൃതങ്ങളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദളിത്‌ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 2017 ഡിസംബർ 13ന്‌ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി  കണ്ടെത്തി. കേസ്‌ അപൂർവങ്ങളിൽ അപൂർവമാണെന്ന്‌ വിലയിരുത്തിയ കോടതി, പ്രതിക്ക്‌ വധശിക്ഷ വിധിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top