18 October Monday

സ്‌ത്രീവിരുദ്ധതയും ആണ്‍കോയ്‌മയും മാത്രം; പ്രതിക്കൂട്ടില്‍ ലീഗ് നേതൃത്വം

പി വി ജീജോUpdated: Thursday Sep 16, 2021

ഹരിത മുന്‍ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനം

കോഴിക്കോട് > ഹരിതയിലെ യുവതികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഗുരുതര ആരോപണങ്ങളുന്നയിക്കുമ്പോള്‍ തരിച്ചിരിക്കയാണ് മുസ്ലിംലീഗ് നേതൃത്വം. ലീഗ് കേട്ടതിലും കണ്ടതിലുമേറെ സ്ത്രീവിരുദ്ധമെന്നാണ് അനുഭവസ്ഥരായ പാര്‍ടി പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. ലൈംഗികാധിക്ഷേപം നടത്തിയ നേതാവിനെ സംരക്ഷിക്കുന്നുവെന്ന ഗുരുതര ആരോപണവും  ഹരിത നേതാക്കള്‍ ഉയര്‍ത്തി. സ്ത്രീത്വത്തെ മുറിവേല്‍പ്പിച്ചെന്ന പരാതി 50 നാള്‍ പരിശോധിക്കാതെ നേതാക്കള്‍ അട്ടത്തുവെച്ചെന്നതും ഗൗരവമുള്ളതാണ്.

പാര്‍ടിയില്‍ നിന്ന് നീതി ലഭിക്കാത്തിനാല്‍ വനിതാകമീഷനെ സമീപിച്ചപ്പോള്‍ കുറ്റവാളികളാക്കി അപമാനിക്കുന്നുവെന്നും ലീഗ് കുടുംബാംഗങ്ങളായ  വിദ്യാര്‍ഥിനികള്‍ വിലപിച്ചു. സ്വീകാര്യമല്ലാത്ത ഒത്തുതീര്‍പ്പുണ്ടാക്കി നീതി അട്ടിമറിച്ചുവെന്നടക്കം തെളിവുകള്‍ നിരത്തിയാണ് നേതൃ കാപട്യം വിശദമാക്കിയിരിക്കുന്നത്.

സ്‌ത്രീവിരുദ്ധതയും ആണ്‍രാഷ്ട്രീയ കോയ്മയുമാണ് പാര്‍ടി പ്രവര്‍ത്തകരായ യുവതികള്‍ തുറന്നുകാട്ടിയപ്പോള്‍ അരവാക്കില്ല നേതാക്കള്‍ക്ക് മറുപടി. സംരക്ഷണം തേടി നേതാക്കളുടെ വീടുകളില്‍ കയറിയിറങ്ങി യെന്നാണ് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും വെളിപ്പെടുത്തിയത്. ഈ നേതാക്കള്‍ കണ്ണടച്ചുവെന്നത് മാത്രമല്ല ഇവരുടെ സങ്കടം. സൈബറിടത്തിലും പൊതുസമൂഹത്തിലും ലീഗ് പ്രവര്‍ത്തകര്‍ ക്രൂരമായി വേട്ടയാടുമ്പോള്‍  അവരെ പിന്തണുക്കുന്നുവെന്നതിലാണ്. അസത്യവും അര്‍ധസത്യവും പ്രചരിപ്പിക്കാന്‍ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നതായും നജ്മയും മുഫീദയും വ്യക്തമാക്കി . ഹരിത കമ്മിറ്റി പിരിച്ചുവിട്ടത്, പിന്തുണച്ച എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കും മറ്റുമെതിരായ നടപടികള്‍----ഇതെല്ലാം വിശദീകരിച്ച്  നേതൃത്വ മനോഭാവത്തെയാണ് ഇവര്‍ വിചാരണചെയ്യുന്നത്.

ലീഗിലെ അനിഷേധ്യനായ പാണക്കാട് സാദിഖലി ശിഹാബ്തങ്ങളാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ സംരക്ഷിക്കുന്നതെന്നും തുറന്നടിച്ചു. സാദിഖലി തങ്ങള്‍ ഇക്കാര്യം ഇനിയും നിഷേധിച്ചിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടിമുഹമ്മദ്ബഷീര്‍, എം കെ മുനീര്‍-- ഉന്നതരുടെയെല്ലാം പേര്പറഞ്ഞ് നീതിനിഷേധത്തിന്റെ വേദന   ഹരിത പറയുന്നതിലൂടെ തെളിയുന്നത് നേതാക്കളാകെ പ്രതിക്കൂട്ടിലെന്നാണ്. ലീഗിന്റെ ഭരണഘടന ഉയര്‍ത്തി നേതൃത്വം തെറ്റുകാര്‍ക്കൊപ്പമെന്ന് വിരല്‍ചൂണ്ടിയ ഹരിതയുടെ ശബ്ദം പാര്‍ടിക്കുള്ളിലും സമുദായത്തിലും   ചലനം സൃഷ്ടിക്കുമെന്നുറപ്പ്. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top