27 April Saturday

നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്സിനേഷന്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാക്സിനേഷന്‍ കേന്ദ്രം മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 500ല്‍ കൂടുതല്‍ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് വാക്സിനേഷന്‍ നടത്തുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞ ശേഷം അതിന് താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ വാക്സിനേഷന്‍ സെഷനുകള്‍ ആലോചിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് സ്‌കൂളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്‌സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ഇന്ന് വാക്‌സിനെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ഡോക്‌ടറുടെയും സ്റ്റാഫ് നഴ്‌സിന്റേയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സ്‌കൂള്‍ തുറന്ന ശേഷമായിരിക്കും നടത്തുക. കോവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിനെടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 27,087 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതുവരെ ആകെ 57 ശതമാനം (8,668,721) കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top