18 April Thursday
ഒമിക്രോണിനെ നിസ്സാരമായി കാണരുത്‌ ; കോവിഡ്‌ സ്വയം നിർണയിക്കരുത്‌

മൂന്നാം തരംഗം ഒമിക്രോൺ മൂലം , മൂന്നാഴ്‌ച രോഗനിരക്ക്‌ വലിയ രീതിയിൽ ഉയരും : വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ മൂന്നാംതരംഗത്തിന് കാരണം ഒമിക്രോൺ വകഭേദമാണെന്ന്‌ റിപ്പോർട്ട്‌. ഇക്കാലയളവിൽ കോവിഡ്‌ ബാധിച്ച 94 ശതമാനം പേരിലും കാരണമായി കണ്ടെത്തിയത്‌ ഒമിക്രോൺ വകഭേദം. ആറ്‌ ശതമാനം പേരിൽ മാത്രമാണ്‌ ഡെൽറ്റ കണ്ടെത്തിയത്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയവരിൽ ഇത്‌ യഥാക്രമം 80, 20 ശതമാനമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്‌ ബാധിതരുടെ സാമ്പിൾ പരിശോധിച്ചതിലൂടെയാണ്‌ ഒമിക്രോൺ വ്യാപനം തിരിച്ചറിഞ്ഞത്‌. മൂന്നാഴ്‌ച കൂടി രോഗനിരക്ക്‌ ഉയരും. ചില ജില്ലകളിൽ ഇത്‌ പാരമ്യത്തിലെത്തും. ഒമിക്രോണിനെ നിസ്സാരമായി കാണരുത്‌. 96.4 ശതമാനം പേരും ഗൃഹപരിചണത്തിലാണ്‌. 97 ശതമാനം രോഗികൾക്കും ഗുരുതരമാകാൻ സാധ്യതയില്ല. എന്നാൽ, അപായസൂചന ശ്രദ്ധിക്കണം. കോവിഡ്‌ സ്വയം നിർണയിക്കരുത്‌. ആന്റിബയോട്ടിക്കും മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരംമാത്രം കഴിക്കുക. രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ ആശുപത്രിയിൽ സൗകര്യം ഉറപ്പാക്കും. നിലവിൽ ഐസിയു, വെന്റിലേറ്റർ ഉപയോഗം കുറഞ്ഞിട്ടുണ്ട്‌. കോവിഡ്‌, കോവിഡിതര രോഗ ബാധിതരായി 40.5 ശതമാനം പേരാണ്‌ ഐസിയുവിലുള്ളത്‌. 59 ശതമാനം ഐസിയു കിടക്ക ഒഴിവുണ്ട്‌. 12.5 ശതമാനമാണ്‌ കോവിഡും കോവിഡിതര രോഗബാധിതരുമായി വെന്റിലേറ്റർ ചികിത്സയിലുള്ളത്‌. 86 ശതമാനം ഒഴിവുണ്ട്‌. സ്വകാര്യ ആശുപത്രികളിലെ ഐസിയുവിൽ 8.28, വെന്റിലേറ്ററിൽ 8.96 ശതമാനം കോവിഡ്‌ രോഗികളുമാണുള്ളത്. സൗകര്യങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചാൽ നടപടി സ്വീകരിക്കും. കോവിഡ്‌ പ്രതിരോധം ശക്തമാക്കാൻ 4971 ജീവനക്കാരെ നിയമിക്കാൻ ഉത്തരവിറങ്ങിയതായും മന്ത്രി പറഞ്ഞു.

ഇവർ വീട്ടിലിരിക്കരുത്
അവയവം മാറ്റിവച്ചവർ, എച്ച്‌ഐവി രോഗികൾ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയ ബി വിഭാഗത്തിൽപ്പെടുന്നവർ ഗൃഹപരിചരണത്തിൽ കഴിയരുത്. രോഗബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തണം. 

പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ തിങ്കൾമുതൽ ശനിവരെ പകൽ 12 മുതൽ രണ്ടുവരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും ക്ലിനിക് പ്രവർത്തിക്കും.

ഒമിക്രോണിൽ 
ന്യുമോണിയ വില്ലനാകും
ഒമിക്രോൺ ബാധിച്ചവരിൽ മൂന്ന് ശതമാനം പേർക്ക്‌ ന്യുമോണിയ ഉണ്ടാകുന്നതായി റിപ്പോർട്ട്‌. ശ്വാസമെടുക്കുമ്പോൾ നെഞ്ച് വേദന, സംസാരിച്ച്‌ മുഴുവിപ്പിക്കാനാകാതിരിക്കുക, വെറുതെയിരിക്കുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, കഫത്തിൽ രക്തം തുടങ്ങിയവ ആരംഭ ലക്ഷണമാണ്. അപൂർവമായി ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.

നെഞ്ചിന്റ മധ്യഭാഗത്തോ ഇടതുഭാഗത്തോ ആണ്‌ വേദനയുണ്ടാകുക. നെഞ്ചിടിപ്പ് കൂടുക, കണ്ണിൽ ഇരുട്ടു കയറുക, ബന്ധമില്ലാതെ സംസാരിക്കുക, അബോധാവസ്ഥയിലേക്ക് പോവുക തുടങ്ങിയ അപായസൂചനകൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. മുറിക്കുള്ളിൽ ആറ്‌ മിനിറ്റ് പതുക്കെ നടന്നശേഷം ഓക്‌സിജന്റെ അളവ് നേരത്തേ ഉണ്ടായതിനേക്കാൾ മൂന്ന്‌ ശതമാനം കുറയുകയാണെങ്കിലും ന്യൂമോണിയ സംശയിക്കാം. ശ്വാസം അൽപ്പം ദീർഘമായി വലിച്ചെടുത്തശേഷം 15 സെക്കൻഡ്‌ പിടിച്ചുവയ്ക്കാൻ കഴിയുന്നുണ്ടോ എന്ന്‌ നോക്കണം. കഴിയുന്നില്ലെങ്കിൽ രോഗസാധ്യതയുണ്ട്‌. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും ഉണ്ടാകുന്ന അമിതമായ ക്ഷീണവും  അപായ സൂചനയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top