09 December Saturday
കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

രാജ്യത്ത്‌ സ്വകാര്യവൽക്കരണം തകൃതി: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കോട്ടയം> രാജ്യത്ത്‌ വൈദ്യുതി മേഖലയിലടക്കം സ്വകാര്യവൽക്കരണം തകൃതിയാണെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതിമേഖല മർമപ്രധാനമാണ്‌. ഇതിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണം.

രാജ്യത്തെ സാമ്പത്തിക ആഘാതങ്ങളിൽനിന്ന്‌ സംരക്ഷിക്കുന്ന ഷോക്ക്‌ അബ്‌സോർബറാണ്‌ പൊതുമേഖല. വൈദ്യുതി വിതരണരംഗത്ത്‌ സ്വകാര്യമേഖല കടന്നുവരുന്നത്‌ ഉപഭോക്താക്കൾക്ക്‌ വലിയ നഷ്ടമുണ്ടാക്കും. 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം പിടിച്ചുനിന്നത്‌ പൊതുമേഖലയുടെ കരുത്ത്‌ മൂലമാണെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയത്ത്‌ മാമ്മൻ മാപ്പിള ഹാളിലെ സി ജി സുരേന്ദ്രൻ –- എസ്‌ കൃഷ്‌ണൻകുട്ടി നഗറിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ പതാക ഉയർത്തി. സഹകരണമന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഡോ. എം ജി സുരേഷ്‌കുമാർ അധ്യക്ഷനായി.
അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പി പി ജയൻദാസ്‌ രക്തസാക്ഷി പ്രമേയവും കേന്ദ്ര കമ്മിറ്റിയംഗം എം പി സുദീപ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ വി റസൽ, ഇഇഎഫ്‌ഐ ജനറൽ സെക്രട്ടറി പ്രശാന്ത്‌ നന്ദി ചൗധരി, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ ഹരിലാൽ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ്‌ ആർ മോഹനചന്ദ്രൻ, എകെഡബ്ല്യുഎഒ ജനറൽ സെക്രട്ടറി ഇ എസ്‌ സന്തോഷ്‌കുമാർ, എസ്‌പിഎടിഒ പ്രസിഡന്റ്‌ വി സി ബിന്ദു, കെഎസ്‌ഇബിഒഎ വൈസ്‌പ്രസിഡന്റ്‌ ഇ മനോജ്‌ എന്നിവർ സംസാരിച്ചു.

വനിതാ സമ്മേളനം ഇഇഎഫ്‌ഐ അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ ദീപ കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി ബീന, കെ ഇ നിഷ എന്നിവർ സംസാരിച്ചു.  വനിതാ സബ്‌കമ്മിറ്റി കൺവീനർ കെ ഇന്ദിര റിപ്പോർട്ടും കെ കെ സീന  രൂപരേഖയും ആർ എസ്‌ ഇന്ദു പ്രമേയവും അവതരിപ്പിച്ചു. സാമൂഹ്യസർവേ റിപ്പോർട്ട്‌ കെ എം ജുമൈലാ ബീവി അവതരിപ്പിച്ചു. ടി എസ്‌ ഉഷ, എം ആശാജ്യോതി എന്നിവർ സംസാരിച്ചു. ജെ ലേഖ രചിച്ച "കെഎസ്ഇബി കഥകൾ' എന്ന പുസ്‌തകം പ്രശാന്ത്‌ നന്ദി ചൗധരി പ്രകാശനം ചെയ്‌തു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി ഹരികുമാർ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും ട്രഷറർ എച്ച്‌ മധു കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ ഉത്തര–-മധ്യമേഖലാ സെക്രട്ടറി അനീഷ്‌ പറക്കാടൻ, വർക്കിങ്‌ പ്രസിഡന്റ്‌ ആർ ബാബു, പി വി ലതീഷ്‌, കെ രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

സാധാരണക്കാർക്ക്‌ വൈദ്യുതി അപ്രാപ്യമാക്കുന്ന കേന്ദ്രനയം തിരുത്തണം

സ്വകാര്യ മേഖലയ്‌ക്ക്‌ ലാഭം കൊയ്യാൻ വേണ്ടി വൈദ്യുതിയെ സാധാരണക്കാർക്ക്‌ അപ്രാപ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്ന്‌ കെഎസ്‌ഇബിഒഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മൂലധനശക്തികളുടെ താൽപ്പര്യത്തിനനുസരിച്ച്‌ ഈ മേഖലയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ്‌ രാജ്യത്ത്‌ നടന്നുവരുന്നത്‌. തെറ്റായ നയങ്ങൾ തിരുത്താനും വൈദ്യുതി മേഖലയിൽ പൊതുമേഖലാ നിക്ഷേപം വർധിപ്പിക്കാനും ആവശ്യപ്പെട്ട്‌ നിരവധി സമരങ്ങൾ സംഘടന നടത്തി.  എന്നാൽ ഇത്തരം ആവശ്യങ്ങളോടെല്ലാം കേന്ദ്രസർക്കാർ മുഖംതിരിയ്‌ക്കുകയാണ്‌.

വൈദ്യുതി വിതരണമേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസ്‌ ആവശ്യമില്ല എന്നതാണ്‌ പുതിയ വൈദ്യുതി നിയമഭേദഗതിയിലെ പ്രധാന നിർദേശം. സംസ്ഥാന സർക്കാരുകളുടെയോ റെഗുലേറ്ററി കമീഷന്റെയോ നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികൾക്ക്‌ യഥേഷ്ടം കടന്നുവരാൻ ഭേദഗതി വഴിയൊരുക്കും. കേരളത്തിന്റെ ഊർജ പ്രതീക്ഷകൾ യാഥാർഥ്യമാക്കാൻ കെഎസ്‌ഇബിയെ സജ്ജമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top