29 March Friday

വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി: വിഭവ സമാഹരണം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ആലപ്പുഴ > നാല് വർഷം പൂർത്തിയാക്കുന്ന വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയ്‌ക്ക് ആശംസകളേകാൻ  സാമൂഹ്യ നീതിവകുപ്പ്‌ മന്ത്രി ഡോ. ആർ ബിന്ദു കണ്ണർകാട് ജനകീയ അടുക്കളയിലെത്തി. ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാരിന്റെ കാഴ്‌ച‌പ്പാട്. അതിനനുസൃതമായ പദ്ധതികളാണ് സർക്കാർ ചെയ്‌തുവരുന്നത്. അതുകൊണ്ടാണ് ഭരണത്തുടർച്ച ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഒരു നാട്ടിലെ ജനങ്ങളാകെ ഒന്നായി നിന്ന് സംഘടിപ്പിക്കുന്ന വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാല് പഞ്ചായത്തുകളിലെ 80 വാർഡുകളിലായി 400 പേർക്കാണ് ദിനംപ്രതി രണ്ട് നേരത്തേക്കുള്ള ഭക്ഷണമെത്തിക്കുന്നത്. 120 ന് മേൽ സന്നദ്ധ പ്രവർത്തകരാണ് എല്ലാ ദിവസവും ഇതിനായി രംഗത്തുള്ളത്. സ്‌പോൺസർഷിപ്പിലൂടെയും കാറ്ററിങിലൂടെയും ലഭിക്കുന്ന വരുമാനമാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ അടിത്തറ.

കോവിഡ് പ്രതിസന്ധി മൂലം വിഭവ സമാഹരണം  നിർത്തിവെച്ചിരുന്നു. വിഭവ സമാഹരണം പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവയാണ് മന്ത്രി ഏറ്റുവാങ്ങിയത്. ട്രസ്റ്റിന്റെ വാർഡ് കമ്മിറ്റികളാണ് വിഭവശേഖരണം നടത്തിയത്.

പ്രവർത്തകരോടൊപ്പം ചേർന്ന് ഇന്ന് വിതരണം ചെയ്യാനുള്ള ഭക്ഷണം പൊതിഞ്ഞ് തയ്യാറാക്കിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആർ റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സി പി ഐ (എം) മാരാരിക്കുളം ഏരിയ ആക്‌ടിങ്‌ സെക്രട്ടറി അഡ്വ. കെ ആർ ഭഗീരഥൻ, ജീവതാളം ഏരിയാ പാലിയേറ്റീവ് നേതാക്കളായ എൻ പി സ്‌നേഹജൻ, എ എം ഹനീഫ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി കെ രതികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂയമോൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എസ് ഹരിദാസ്, ധനലക്ഷ്‌മി, വി എസ് ഗീതാകുമാരി ടീച്ചർ, പി കൃഷ്‌ണ‌പിള്ള സ്‌മാരക ട്രസ്റ്റ് ചെയർമാൻ കെ വി രതീഷ്, ജനറൽ കൺവീനർ പി വിനീതൻ, ട്രഷറർ നൗഷാദ് പുതുവീട്, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top