24 April Wednesday
സർക്കാർ ഇടപെടൽ മാതൃകാപരം

ദേശീയപാത വികസനം: കെ സുരേന്ദ്രൻ നടത്തുന്നത് അള്ളുവെയ്ക്കുന്ന പണി –മന്ത്രി മുഹമ്മദ് റിയാസ്.

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

തിരുവനന്തപുരം> സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാതയാക്കാനുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന  പണിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ കേന്ദ്രത്തോടൊപ്പം നിന്ന് ഇടപെടേണ്ടയിടങ്ങളിൽ ഇടപെട്ട് മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരിനെ  ഇക്കാര്യത്തിൽ  അഭിനന്ദിച്ചിട്ടുമുള്ളതാണ് . എന്നിട്ടും കെ സുരേന്ദ്രൻ അതൊന്നും മനസിലാക്കാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞാണ് എന്നും കാലണ നൽകിയിട്ടില്ല  എന്നും വിളിച്ചു പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക്  വേണ്ടി കേന്ദ്രം തുക അനുവദിക്കുന്നത്  ഔദാര്യമല്ലെന്നും കേരളത്തിനെ് അവകാശപ്പെട്ടതാണെന്നും റിയാസ് പറഞ്ഞു.  

എല്ലാവരെയും ചേർത്തുനിർത്തി ദേശീയപാത വികസനം പൂർത്തീകരിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ദേശീയപാത 66 കേരളത്തിന്‌ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ്‌ പദ്ധതിക്ക്‌ ജീവൻ വെച്ചത്‌.  ഭൂമി ഏറ്റെടുക്കലാണ്‌ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട്‌ 2018ൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക്‌ കത്തെഴുതി. ഭൂമി ഏറ്റെടുക്കലിന്റെ വേഗത കുറയ്ക്കാനാണ്‌ ബിജെപിയുടെ കേരള ഘടകം ശ്രമിച്ചത്‌. അതിന്റെ ഭാഗമായി ചില കേന്ദ്ര ഇടപെടലുകളുമുണ്ടായി. ഭൂമി ഏറ്റെടുക്കലിനാവശ്യമായ തുകയുടെ 25 ശതമാനം കേരളം  നൽകാമെന്ന്‌ മുഖ്യമന്ത്രി നേരിട്ട്‌ ഉറപ്പ്‌ നൽകിയതോടെയാണ്‌ ഇതിന്‌ വേഗം വെച്ചത്‌.

ദേശീയപാത വികസനവും ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും പൂർത്തീകരിക്കാൻ കഴിഞ്ഞാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന്‌ അംഗീകരിക്കാമെന്നാണ്‌  2016ൽ സുരേന്ദ്രന്റെ ഫേസ്‌ബുക്കിൽ പറഞ്ഞത്‌. ഇപ്പോൾ സംസ്ഥാന സർക്കാരിന്‌ ഒരു പങ്കുമില്ലെന്ന്‌ പറയുന്നു സുരേന്ദ്രന്‌ ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്‌.

ദേശീയപാത വികസനത്തിന്‌ സംസ്ഥാനം കാലണ നൽകിയില്ലെന്ന്‌ പറയുന്ന സുരേന്ദ്രൻ നിതിൻ ഗഡ്‌കരി പാർലമെന്റിൽ നൽകിയ മറുപടിയെങ്കിലും വായിക്കണം. ഭൂമിയേറ്റെടുക്കലിനായി സംസ്ഥാനം 5519 കോടി രൂപ നൽകിയതായി കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്‌. എല്ലാ പദ്ധതികൾക്കും 25 ശതമാനം നൽകാമെന്ന വാഗ്‌ദാനം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ദേശീയപാത 66 ന്റെ കാര്യത്തിലാണ്‌ ഈ ഉറപ്പ്‌ നൽകിയത്‌. ദേശീയപാത 766, 185 എന്നിവയുടെ വികസനത്തിന്‌ കേരളം മുന്നോട്ട്‌ വെച്ച പദ്ധതിയെ കേന്ദ്രമന്ത്രി പോസിറ്റീവായാണ്‌ കണ്ടത്‌. എന്നാൽ, ഇത്‌ എന്തോ ഔദാര്യമെന്ന മട്ടിലാണ്‌ സുരേന്ദ്രന്റെ പ്രതികരണമെന്നും മന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top