25 April Thursday

അമൃത് പദ്ധതി രണ്ടാംഘട്ടം: നഗര പ്രദേശങ്ങളില്‍ സമൂലമാറ്റമുണ്ടാക്കും- മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

തിരുവനന്തപുരം > അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കുടിവെള്ളം, ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം  എന്നിവയിലൂന്നി നഗരപ്രദേശങ്ങളില്‍ സമൂലമായ മാറ്റമുണ്ടാക്കുമെന്ന്‌ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനായുള്ള മാര്‍ഗരേഖ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലെത്തി. 93 നഗരഭരണ പ്രദേശങ്ങളില്‍ അമൃത് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുമെന്നും അഞ്ചുവര്‍ഷം കൊണ്ട് 5000 കോടി രൂപ ഇതിനായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. 2023 മാര്‍ച്ച് 31 ഓടെ ഒന്നാംഘട്ടം അവസാനിക്കും. ഒന്നാംഘട്ടത്തില്‍ 1001 പ്രോജക്‌ടുകളാണ് ഉള്ളത്. 2387.29 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതുവരെയായി 756 പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നുണ്ട്. അമൃത് ഒന്നാംഘട്ടത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ സമാന്തരമായി രണ്ടാംഘട്ടത്തിന്റെ മാര്‍ഗരേഖ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കയാണെന്ന് മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം പരാതികളേതുമില്ലാതെ നടപ്പിലാക്കും. ഉറവിടത്തില്‍ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തും. പരിസ്ഥിതി സൗഹൃദപരമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗര പ്രദേശങ്ങളില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളില്‍ പൂന്തോട്ടമടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കൃത്യമായ മോണിറ്ററിങ്‌ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി സൂചിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top