08 December Friday
സ്വാതന്ത്ര്യസമര സേനാനി മ്യൂസിയത്തിന്‌ തറക്കല്ലിട്ടു

ഗോത്രജനതയെ മുഖ്യധാരയിൽ എത്തിക്കേണ്ടത്‌ സമൂഹം: മന്ത്രി കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
സുഗന്ധഗിരി> പിന്തള്ളപ്പെട്ടുപോയ ഗോത്രജനതയെ മുഖ്യധാരയിൽ എത്തിക്കേണ്ടത്‌ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. ഇവർ പിന്നാക്കമാകാൻ കാരണം സമൂഹമാണ്‌. ഇവരെ ഉന്നതിയിൽ എത്തിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണം.
സുഗന്ധഗിരിയിൽ പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയത്തിന്റെ തറക്കല്ലിടൽ ചടങ്ങ്‌ നിർവഹിക്കുകയായിരുന്നു മന്ത്രി.
 
ആദിവാസി വിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമെത്തിക്കാനുള്ള ശ്രമങ്ങളാണ്‌ സർക്കാരിന്റേത്‌. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നൽകുകയെന്നതാണ്‌ ഇതിൽ പ്രധാനം. ഉന്നതവിദ്യാഭ്യാസത്തിലുൾപ്പെടെ പ്രത്യേക പ്രാധാന്യമാണ്‌ നൽകുന്നത്‌. രണ്ടുവർഷത്തിനിടെ 425 വിദ്യാർഥികളെ വിദേശ പഠനത്തിന്‌ അയച്ചു. സംസ്ഥാനത്തെ മുഴുവൻ കോളനികളിലും ഇന്റർനെറ്റ്‌ സൗകര്യം ഒരുക്കുന്നതിനുള്ള ഡിജിറ്റലി കണക്ടഡ്‌ കോളനി പദ്ധതി ഡിസംബർ 31നകം പൂർത്തിയാക്കും. സംസ്ഥാനത്ത്‌ 1284 കോളനികളിലാണ്‌ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലെന്ന്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇതിൽ 1083 പ്രദേശത്തും കണക്‌ഷൻ നൽകി. പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം   തദ്ദേശീയ ജനതയുടെ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും കേന്ദ്രമാകും. 
 
രാജ്യത്തിന്റെ അഭിമാനമായും മ്യൂസിയം വളരണം. ഭാവിയിൽ കൽപ്പിത സർവകലാശാലയായി മാറ്റാൻ കഴിയുമോയെന്ന് പരിശോധിക്കും. വയനാടൻ മണ്ണ് ദേശത്തിനുവേണ്ടി പൊരുതി മരിച്ച ധീരന്മാരുടെ മണ്ണാണ്. ഈ ധീരദേശാഭിമാനികളോടുള്ള ആദരവായാണ്‌ മ്യൂസിയം സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം മാതൃകയും മന്ത്രി അനാച്ഛാദനംചെയ്‌തു.  ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനായി. 
 
ഒ ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്, പഞ്ചായത്ത് മെമ്പർമാരായ കെ ഗീത, തുഷാര സുരേഷ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി എം ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും  കിർത്താഡ്‌സ് ഡയറക്ടർ ശ്രീധന്യ സുരേഷ് നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top