28 March Thursday

പുതിയ തുടക്കത്തിന്‌ ആശംസകൾ; ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസിൻഡയെ അഭിനന്ദിച്ച്‌ കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

തിരുവനന്തപുരം > ന്യൂസീലൻഡ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജസിൻഡ ആര്‍ഡേണിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ട്വീറ്ററിലൂടെയായിരുന്നു ആരോഗ്യമന്ത്രിയുടെ അഭിനന്ദനം.

നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. കോവിഡിനെ നിങ്ങള്‍ ഫലപ്രദമായി നേരിട്ടതില്‍ സന്തോഷമുണ്ട്. വനിതാ നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതിന് നന്ദി.  ജസിൻഡയെ ടാഗ്  ചെയ്‌തുകൊണ്ട് കെ കെ ശൈലജ കുറിച്ചു.

ശനിയാഴ്‌ച നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ജസിൻഡ നയിക്കുന്ന മധ്യ ഇടത്‌ പാർടിയായ ലേബറിന്‌ 49 ശതമാനം വോട്ട്‌ ലഭിച്ചു.

യാഥാസ്ഥിതിക പ്രതിപക്ഷ കക്ഷിയായ നാഷണൽ പർടിക്ക്‌ 27 ശതമാനം പിന്തുണ മാത്രമാണുള്ളത്‌. അരനൂറ്റണ്ടിനിടെ ന്യൂസിലൻഡിൽ ആദ്യമായിട്ടാകും പൂർണമായും ഇടതുപക്ഷംമാത്രമുള്ള സർക്കാർ അധികാരത്തിൽ വരുന്നത്‌. വോട്ടർമാർ പാർടിക്കും സ്ഥാനാർഥിക്കും വോട്ട്‌ ചെയ്യേണ്ട മിശ്ര ആനുപാതിക വോട്ടിങ്‌ സമ്പ്രദായമുള്ള ന്യൂസിലൻഡിൽ 2017ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാഷണൽ പാർടിയാണ്‌ ഒന്നാമതെത്തിയത്‌.

എന്നാൽ, ഗ്രീൻ പാർടിയുടെയും വലതുപക്ഷ ന്യൂസിലൻഡ്‌ ഫസ്റ്റ്‌ പാർടിയുടെയും പിന്തുണയോടെയാണ്‌ ജസിൻഡ പ്രധാനമന്ത്രിയായത്‌. ഉപ പ്രധാനമന്ത്രിയായ വിൻസ്റ്റൺ പീറ്റേഴ്‌സിനും അദ്ദേഹത്തിന്റെ ന്യൂസിലൻഡ്‌ ഫസ്റ്റ്‌ പാർടിക്കും ഇത്തവണ സീറ്റില്ല. അഞ്ച്‌ ശതമാനമെങ്കിലും വോട്ട്‌ വേണ്ടിടത്ത്‌ അവർക്ക്‌ 2.6 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. സ്വതന്ത്ര മുതലാളിത്തവാദികളായ ആക്ട്‌ പാർടിക്ക്‌ എട്ടും ഗ്രീൻ പാർടിക്ക്‌ 7.6ഉം ശതമാനം വോട്ട്‌ ലഭിച്ചു.

120 അംഗ പാർലമെന്റിൽ ലേബറിന്‌ 64 സീറ്റ്‌ കിട്ടുമെന്നാണ്‌ സൂചന. 1996ൽ മിശ്ര ആനുപാതിക സമ്പ്രദായം നടപ്പാക്കിയശേഷം ആദ്യമായാണ്‌ ഒരു പാർടിക്ക്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം കിട്ടുന്നത്‌.  കഴിഞ്ഞവർഷമാദ്യം ക്രൈസ്റ്റ്‌ ചർച്ചിൽ മുസ്ലിംപള്ളികളിൽ വംശമേന്മാവാദിയായ വെള്ളക്കാരൻ യുവാവ്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ കർക്കശനടപടികൾ എടുത്തതും ഈ വർഷം കോവിഡ്‌ നിയന്ത്രിക്കുന്നതിൽ കൈവരിച്ച വിജയവും നാൽപ്പതുകാരിയായ ജസിൻഡയ്‌ക്ക്‌ റോക്‌താരങ്ങൾക്കുള്ളതുപോലെ ആരാധകരെ നേടിക്കൊടുത്തിരുന്നു.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിനൊപ്പം രണ്ട്‌ ഹിതപരിശോധനയും നടന്നു. ദയാവധവും കഞ്ചാവ്‌ ഉപയോഗവും അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ നടന്ന ആ വോട്ടെടുപ്പുകളുടെ ഫലം 30ന്‌ പ്രഖ്യാപിക്കും. ദയാവധത്തിന്റെ കാര്യത്തിൽ ജനഹിതം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്‌. എന്നാൽ, കഞ്ചാവ്‌ ഭൂരിപക്ഷം അനുകൂലിച്ചാലും സർക്കാരിന്‌ തീരുമാനിക്കാം. അനുവദിച്ചാൽ ഉഗാണ്ടയ്‌ക്കും ക്യാനഡയ്‌ക്കുംശേഷം കഞ്ചാവ്‌ നിയമപരമാകുന്ന മൂന്നാമത്തെ രാജ്യമാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top