25 April Thursday

പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

തിരുവനന്തപുരം> പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്തേണ്ടതും ജനകീയമാക്കേണ്ടതും കാലഘട്ടത്തിന്റെ  ആവശ്യമാണെന്ന് മന്ത്രി ജി ആർ അനിൽ. ആ ഉത്തരവാദിത്തം നിറവേറ്റുവാനാണ് മലയാളം മിഷനെപ്പോലുള്ള ഭാഷാസാംസ്‌കാരിക സ്ഥാപനങ്ങൾ നിരന്തരം പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ സംഘടിപ്പിച്ച 'ഊരും പേരും' ഗോത്രഭാഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങിൽ ഊരുമൂപ്പന്മാരായ ഭഗവാൻകാണി, മല്ലൻകാണി എന്നിവരെ മന്ത്രി ആദരിച്ചു. കൂടാതെ ഗോത്ര സാഹിത്യ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഗോത്രഭാഷയുടെ തനിമയും പ്രാദേശികഭാഷാവൈവിധ്യവും പ്രവാസി മലയാളികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ റേഡിയോ മലയാളം സംഘടിപ്പിച്ച സെമിനാറിൽ അരുവിക്കര എംഎൽഎ അഡ്വ. ജി സ്റ്റീഫൻ അധ്യക്ഷനായി.

കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ, വാർഡ് മെമ്പർ രശ്മി അനിൽ, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, റേഡിയോ മലയാളം പ്രൊജക്റ്റ് ഹെഡ് ജേക്കബ് ഏബ്രഹാം, ഡോ. ജയകുമാർ കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ നടന്ന സെമിനാറിൽ കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടന്ന ഏകദിന സെമിനാറിൽ  'ഗോത്രഭാഷയും വൈവിധ്യവും' എന്ന വിഷയത്തിൽ ഡോ. ലിജിഷ എ ടിയും 'കാണിക്കാരുടെ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രനും 'ഗോത്രഭാഷയുടെ തനിമ' എന്ന വിഷയത്തിൽ ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിയും ക്ലാസെടുത്തു. 'എന്റെ ഭാഷയും കാടും' എന്ന വിഷയത്തിൽ ഊരുമൂപ്പന്മാരായ മല്ലൻകാണിയും ഭഗവാൻ കാണിയും കുട്ടികളോട് സംവദിച്ചു. തുടർന്ന് ഗോത്രകലാസന്ധ്യയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top