20 April Saturday

ലഹരിമുക്ത ക്യാമ്പസിനായി കൈകോർക്കാം: മന്ത്രി ഡോ. ബിന്ദു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

തിരുവനന്തപുരം> ക്യാമ്പസുകളിൽ നിന്ന് ലഹരിയെ തുരത്തിയോടിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

'കലാലയങ്ങൾ ലഹരി  വിരുദ്ധ പ്രചാരണത്തിലേക്ക് ' എന്ന മുദ്രാവാക്യവുമായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശവും തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഒക്ടോബർ 6 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ വളരെ വിപുലമായ ബോധവത്ക്കരണ- പ്രചാരണ പരിപാടികളാണ് ക്യാമ്പസുകളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

ലഹരിവിപത്തിന്റെ ഏറ്റവും വലിയ ഇരകളായിത്തീരുന്നവരിൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. കലാലയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതാപൂർണമായ നടപടികൾ സ്വീകരിച്ചുകൊണ്ട്  വിദ്യാർത്ഥികളെ ലഹരിയെന്ന  മഹാവിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾക്കാണ്  ഉന്നതവിദ്യാഭ്യാസ വകുപ്പ് ക്യാമ്പസുകളിൽ രൂപം കൊടുത്തിരിക്കുന്നത്.

യൗവനകാലത്ത് വിദ്യാർത്ഥികളുടെ കർമ്മോത്സുകതയെയും സർഗ്ഗശേഷിയെയും പഠന സാധ്യതകളെയും ചിന്താശേഷിയെയും ഒക്കെ മരവിപ്പിച്ചു നിർത്തിക്കൊണ്ട് അവരെ മയക്കത്തിലേക്ക് കൊണ്ടുപോകുന്ന ഈ സാമൂഹ്യതിന്മ ക്യാമ്പസുകളിൽ നിന്ന് നമുക്ക് പറിച്ചെറിയണം. വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും സമൂഹമെന്ന നിലയിലുമൊക്കെ  ഈ മഹാവിപത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളെയും ഓരോരുത്തരും തിരിച്ചറിയണം .

ലഹരിക്കെതിരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനതലത്തിൽ  ജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുണ്ട്. 'ഡ്രഗ് ഫ്രീ ക്യാമ്പസ്' ആയി കലാലയങ്ങളെ മാറ്റുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. എൻഎസ്എസ്, എൻസിസി തുടങ്ങിയവയെല്ലാം ഇതിന് അണിനിരക്കുകയാണ്. എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വോളന്റിയർമാരെ ഉൾപ്പെടുത്തി  പ്രത്യേകസേനകൾ രൂപീകരിക്കും. മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാര്‍ഡന്‍ കണ്‍വീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളില്‍ വൈസ് പ്രിന്‍സിപ്പൾ കണ്‍വീനറായുള്ള നേര്‍ക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കും.

മനശ്ശാസ്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ കലാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന 'ജീവനി' കൗൺസലിംഗ് സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ കുട്ടികൾക്ക് വിശദമായ കൗൺസലിംഗ് നൽകുമെന്നും മന്ത്രി ഡോ. ആർ  ബിന്ദു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top