16 April Tuesday

കേരളത്തോട്‌ അവഗണന ; മന്ത്രിമാരെ കാണാൻ 
കൂട്ടാക്കാതെ കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


ന്യൂഡൽഹി
നേമം ടെര്‍മിനല്‍ വിഷയത്തിൽ നിവേദനം നൽകാനെത്തിയ കേരള  മന്ത്രിമാരെ കാണാൻ വിസമ്മതിച്ച്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്‌. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരെയാണ്‌ കേന്ദ്രമന്ത്രി കാണാൻ കൂട്ടാക്കാതിരുന്നത്‌. സുപ്രധാനമായ ഒരു വിഷയത്തിൽ മന്ത്രിമാരെ കാണാൻ വിസമ്മതിച്ച കേന്ദ്രമന്ത്രിയുടെ നിലപാടിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

നേമം വിഷയത്തിൽ കാണാൻ താൽപ്പര്യപ്പെടുന്നുവെന്ന്‌ ഒരാഴ്‌ച മുമ്പുതന്നെ കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എംപിമാർ വഴി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു. പാർലമെന്റ്‌ സമ്മേളനത്തിൽ ഡൽഹിയിൽ തന്നെയുള്ളതിനാൽ എപ്പോൾ വേണമെങ്കിലും കാണാമെന്നായിരുന്നു നിലപാട്‌. തുടർന്നാണ്‌ വ്യാഴാഴ്‌ച കൂടിക്കാഴ്‌ച തീരുമാനിച്ചത്‌. ഇക്കാര്യം സംസ്ഥാന മന്ത്രിമാർ കേരളത്തിൽ വാർത്താസമ്മേളനം നടത്തി അറിയിക്കുകയും ചെയ്‌തു.

കേരളത്തിലെ ബിജെപി നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പ്‌ ലക്ഷ്യമിട്ട്‌ ബുധനാഴ്‌ച ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടു. കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമായിരുന്നു കൂടിക്കാഴ്‌ച. സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ തയ്യാറാകരുതെന്ന്‌ ബിജെപി നേതാക്കൾ കേന്ദ്രമന്ത്രിയിൽ സമ്മർദം ചെലുത്തിയതായാണ്‌ സൂചന. എന്തായാലും നേമം വിഷയത്തിൽ സംസ്ഥാന മന്ത്രിമാരെ കാണാൻ താൽപ്പര്യപ്പെടുന്നില്ലെന്നും വേണമെങ്കിൽ എംപിമാരെ കാണാമെന്നുമുള്ള നിലപാടാണ്‌ അശ്വനി വൈഷ്‌ണവ്‌ തുടർന്ന്‌ സ്വീകരിച്ചത്‌.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‌ നിവേദനം നൽകുന്നു. എംപിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ എന്നിവർ സമീപം

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‌ നിവേദനം നൽകുന്നു. എംപിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ എന്നിവർ സമീപം


 

പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ അറിയിച്ചതായി മന്ത്രിമാർ
പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ്‌ റെയിൽ സഹമന്ത്രി ദർശന ജർദോഷും റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ ത്രിപാഠിയും സ്വീകരിച്ചതെന്ന്‌   മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ   വാർത്താസമ്മേളനത്തിൽ അറിയിച്ചു.  തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി സ്‌റ്റേഷൻ വികസനം, തമിഴ്‌നാട്ടിലേക്ക്‌ നെടുമങ്ങാട്‌–- ചെങ്കോട്ട വഴി ദൂരം കുറഞ്ഞ പുതിയ പാതയുടെ സർവേ തുടങ്ങിയ ആവശ്യങ്ങളും ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രിമാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top