24 April Wednesday

കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ കുടിയേറ്റം: പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ വേണമെന്ന് പഠനം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

കൊച്ചി> വീട്ടുജോലിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ ലക്ഷ്യമിടുന്ന സ്‌ത്രീകളെ അവരുടെ ജോലി ഫലപ്രദമായും തൊഴിൽദായകർക്ക് തൃപ്‌തികരമായ രീതിയിലും ചെയ്യുന്നതിനായി തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ആവശ്യമാണെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് നടത്തിയ പുതിയ പഠനം.

ഗാർഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിലെ ജോലികൾക്ക് സജ്ജമാക്കുന്നതിന് പ്രത്യേകം ഓറിയന്റേഷനുകൾ നടത്തുന്നത് അവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനും കൂടിയ വരുമാനം ലഭിക്കുന്നതിനും സഹായകരമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഗൾഫ് രാജ്യങ്ങളിലേക്ക് അവിദഗ്‌ധ സ്‌‌ത്രീ തൊഴിലാളികളെ അയക്കുന്ന ഫിലിപ്പൻസും ശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങൾ നൽകുന്ന പരിശീലനങ്ങൾ അവിടെ നിന്നുമുള്ള തൊഴിലാളികളെ കൂടുതൽ സ്വീകാര്യർ ആക്കുന്നു എന്നത് നമുക്ക് വഴികാട്ടിയാകണം. കേരളത്തിൽ നിന്നുള്ള  കുടിയേറ്റ തൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിൽ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിൽ നോർക്കയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും.

ഒറ്റപ്പെട്ട പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾക്ക് പകരം, ഗാർഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം. ''കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള സ്‌ത്രീ ഗാർഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും'' എന്ന പഠനത്തിന് നേതൃത്വം നൽകിയത് സിഎസ്ഇഎസ് ഫെലോ ഡോ. രാഖി തിമോത്തിയാണ്. സെക്കന്ററി ഡേറ്റ, നിലവിലുള്ള മറ്റു പഠനങ്ങൾ, ഗൾഫിൽ ജോലി ചെയ്യുന്ന/ചെയ്‌തിട്ടുള്ള മലയാളികളായ സ്ത്രീ ഗാർഹികത്തൊഴിലാളികളുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങൾ എന്നിവയെ ആധാരമാക്കിയാണ് പഠനം നടത്തിയത്.


സ്‌ത്രീ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ

കുടിയേറ്റം ലക്ഷ്യം വെക്കുന്നവരെ തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ വളരെ മോശമാണ്. ഗാർഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ, വിദേശരാജ്യങ്ങളിലെ ജോലികൾക്ക് സജ്ജമാക്കുന്നതിന് അത്തരം ഓറിയന്റേഷനുകൾ വളരെ പ്രധാനമാണ്. കേരളത്തിൽ നിന്നുള്ള  കുടിയേറ്റ തൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിൽ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിൽ നോർക്കയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾക്ക് പകരം, ഗാർഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം.

കുടിയേറ്റം നിരോധിക്കുകയോ അവരുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തുകൊണ്ട് വീട്ടുജോലിക്കാരായ സ്ത്രീകളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുരുഷാധിപത്യ-സംരക്ഷണ മനോഭാവം സ്ത്രീകളെ സഹായിക്കുന്നതിനു പകരം, കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവരെ കൂടുതൽ ദുർബലമാക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളെ കൂടുതൽ ലിംഗസൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകേണ്ടത്.

തൊഴിൽ ശക്തിയെ കയറ്റിയയ്ക്കുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ, മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ, റിക്രൂട്ടിംഗ് ഏജൻസികൾ, തൊഴിലുടമകൾ, സാമൂഹ്യസംഘടനകൾ എന്നിവരുമായി ബന്ധം സ്ഥാപിച്ച് സൗഹാർദപൂർവമായ ഒരന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള സാധ്യതകൾ ഇന്ത്യാ ഗവൺമെന്റ് അന്വേഷിക്കണം. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഇന്ത്യയും, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. കൂടാതെ, ഓരോ രാജ്യങ്ങളിലെയും പ്രവാസി അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി കുടിയേറ്റ സ്ത്രീ തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ചും അതാതു രാജ്യങ്ങളിലെ പരാതി പരിഹാരസംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതുണ്ട്.

പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നൽ നൽകാത്തതാണ് ഇന്ത്യയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെ ഒരു പ്രധാന പോരായ്മ. കുറഞ്ഞ സമ്പാദ്യമുള്ള കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും, കേരളത്തിൽ വരുമാനദായകമായ മാർഗങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതമാണ്. അതിനാൽ, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് കേരളത്തിന്റെ തൊഴിൽ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആവശ്യമായ നൈപുണ്യ വികസന പരിപാടികൾ നൽകുന്നത് കേരള സർക്കാർ പരിഗണിക്കണം.

കേരളം പോലെ സുശക്തമായ തദ്ദേശഭരണ സംവിധാനം ഉള്ള ഒരു സംസ്ഥാനത്ത്, കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നത് സഹായകമാകും. ഉദാഹരണത്തിന്, കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവർക്കായി ബോധവൽക്കരണ പരിപാടികൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാം. അതുപോലെ തിരിച്ചുവരുന്ന പ്രവാസികൾക്ക്, വരുമാനദായകമായ പ്രവൃത്തികളിലേർപ്പെടാനാവശ്യമായ പിന്തുണ നൽകിക്കൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടലുകൾ നടത്താനും തദ്ദേശസ്ഥാപനങ്ങൾക്ക് സാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ കുടുംബശ്രീസംവിധാനത്തിനും പ്രധാന പങ്ക് വഹിക്കാനാവും.

തൊഴിലുമായി ബന്ധപ്പെട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ഡേറ്റ മെച്ചപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ജെൻഡർ-വൈസ് ഡേറ്റ നിലവിലില്ല എന്നുള്ളത് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് തടസമാണ്. കുടിയേറ്റക്കാരായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ചൂഷണങ്ങളിൽ നിന്ന് അവരെ തടയാനും, സമ്പദ്വ്യവസ്ഥയിലേക്ക് അവരുടെ സംഭാവനകൾ കണക്കാക്കാനും, അവരുടെ തിരിച്ചുവരവിനും, പുനരധിവാസത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഈ ഡേറ്റ വളരെ പ്രധാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top